ന്യൂഡൽഹി: അസമിൽ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ അധിക്ഷേപിച്ച് വിദ്വേഷ പരാമർശം നടത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യതുൽ ഉലമായെ ഹിന്ദ് (മഹ്മൂദ് മദനി വിഭാഗം) സുപ്രീംകോടതിയിൽ. പരസ്യമായി വർഗീയവും അങ്ങേയറ്റം വിഭാഗീയവുമായ പരാമർശങ്ങൾ നടത്തിയ മുഖ്യമന്ത്രി ഭരണഘടനാമൂല്യങ്ങൾ ലംഘിച്ചെന്നും ഒരു സമുദായത്തെയാകെ ചാപ്പ കുത്തുകയാണ് ചെയ്യുന്നതെന്നും ജംഇയ്യതുൽ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാന മഹ്മൂദ് മദനി ഫയൽ ചെയ്ത ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബംഗാളി സംസാരിക്കുന്ന അഞ്ച് ലക്ഷത്തോളം മുസ്ലിംകളെ അസമിലെ എസ്.ഐ.ആർ വേളയിൽ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുമെന്നും അവരെ കഴിവതും ബുദ്ധിമുട്ടിച്ച് സംസ്ഥാനം വിട്ടുപോകാൻ സമ്മർദം ചെലുത്തണമെന്നും ഇക്കഴിഞ്ഞ ജനുവരി 27ന് അസം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ഹരജിയിൽ എടുത്തുപറയുന്നുണ്ട്.
അധികാരപദവിയിൽ ഇരിക്കുന്നയാളുടെ രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകൾ മറികടക്കുന്ന പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ബംഗാളി വംശജരായ മുസ്ലിംകളെ അസഭ്യമായി കരുതപ്പെടുന്ന പദമുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. ആരും ഭരണഘടനക്കും നിയമത്തിനും മുകളിലല്ലെന്നും സമത്വം, സാഹോദര്യം, മതനിരപേക്ഷത, മനുഷ്യത്വം എന്നീ കാതലായ മൂല്യങ്ങളെ അതിലംഘിക്കുന്നതാണ് അത്തരം പരാമർശങ്ങളും പ്രസ്താവനകളുമെന്ന് ഹരജിയിൽ വിശദമാക്കുന്നു.
വിദ്വേഷപ്രസംഗങ്ങൾ നിയന്ത്രിക്കാൻ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നിലവിലിരിക്കെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ കോടതി കർശന നടപടികൾ എടുക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.