മമത ബാനർജി
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സജീവമാകുന്നത് വരെ അണിഞ്ഞ വക്കീൽ കുപ്പായം വീണ്ടും അണിഞ്ഞ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും കോടതിയിലെത്തുന്നു. തീവ്രവോട്ടർപട്ടിക പരിഷ്‍കരണത്തിൽ (എസ്.ഐ.ആർ) വ്യാപക ക്രമക്കേടുകൾ ആരോപിച്ച് മമതാ ബാനർജി സമർപ്പിച്ച പെറ്റീഷൻ ഇൻ പേഴ്സൺ ഹരജിയിലാണ് മമത നേരിട്ട് സുപ്രീം കോടതിയിൽ ഹാജരായി കേസ് വാദിക്കുന്നത്. ബുധനാഴ്ച ഹരജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ മുഖ്യമന്ത്രി തന്നെയാവും വാദങ്ങളുമായി ഹാജരാവുന്നതെന്നാണ് റിപ്പോർട്ട്. അങ്ങിനെയെങ്കിൽ, ആദ്യമായാവും ഒരു മുഖ്യമന്ത്രി സുപ്രീം കോടതിയിൽ കേസ് വാദിക്കാനെത്തുന്നത്.
ജനുവരി 28നാണ് മമത ബാനർജി എസ്.ഐ.ആർ ക്രമക്കേടുകൾ ചൂണ്ടികാട്ടി സുപ്രീം കോടതിയിൽ ഹരജി നൽകിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കുകയും, സ്വേഛാധിപത്യ രീതിയിൽ പെരുമാറുകയും ചെയ്യുന്നതായി ഹരജിയിൽ ആരോപിക്കുന്നു.
നിയമങ്ങൾ ലംഘിച്ചും, മാനുഷിക പരിഗണനകളും മനുഷ്യാവകാശങ്ങളുമില്ലാതെയാണ് കമ്മീഷൻ എസ്.ഐ.ആർ നടത്തുന്നതെന്നും ആരോപിച്ചു. എസ്.ഐ.ആർ നടപടികൾക്കിടെ 140ഓളം പേർ മരിച്ചതായും മമത ചൂണ്ടികാട്ടി.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2024 ജൂൺ 24നും ഒക്ടോബർ 27നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകളും റദ്ദാക്കണം. 2025ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാകണം ഈ വർഷത്തെ പശ്ചിമ ബംഗാൾ നിയമ സഭ തെരഞ്ഞെടുപ്പ് നടത്തേണ്ടത് -മമത ഹരജിയിൽ ആവശ്യപ്പെട്ടു.
2002 അടിസ്ഥാനരേഖയാക്കി വോട്ടർപട്ടിക തീവ്ര പരിഷ്‍കരണം നടത്തുന്നത് വോട്ടർമാരുടെ സ്ഥിരീകരണത്തിന് പ്രയാസം സൃഷ്ടിക്കുന്നുവെന്നും, ഇത് യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശത്തിന് ഭീഷണിയായി മാറുമെന്നും ഹരജിയിൽ വ്യക്തമാക്കി. അത്കൊണ്ട് 2025വോട്ടർപട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് നിർദേശിക്കാനും ആവശ്യപ്പെടും.
നിയമബിരുദം നേടി അഭിഭാഷകയായി പ്രവർത്തിച്ച മമത ബാനർജി 2003ലാണ് അവസാനമായി വക്കീൽ കുപ്പായത്തിൽ കോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.