കുട്ടികളെഴുതിയ കുറിപ്പ്

ഓൺലൈൻ ഗെയിം എതിർത്തതിന് ഒമ്പതാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി സഹോദരിമാർ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ജീവനൊടുക്കി. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഒമ്പതാം നിലയിലുള്ള ഇവരുടെ അപാർട്ട്മെന്റിൽനിന്ന് ചാടിയാണ് കുട്ടികൾ ആത്മഹത്യ ചെയ്തത്. ഓൺലൈൻ ഗെയിമിങ്ങിനെ മാതാപിതാക്കൾ എതിർത്തതായിരിക്കാം മരണ കാരണമെന്ന് കരുതപ്പെടുന്നു. കുട്ടികൾ കളിച്ച ഗെയിമിൽ ആത്മഹത്യയാണ് അവസാന ടാസ്കായി പറയുന്നതെന്ന് പിതാവ് പറഞ്ഞു.

പുലർച്ചെ രണ്ട് മണിയോടെയാണ് അപാർട്ട്മെന്റിലെ പൂജാമുറിക്കകത്ത് കയറിയ കുട്ടികൾ വാതിൽ അകത്തുനിന്നും പൂട്ടി ജനാലക്കരികെ കസേര വെച്ച് ഓരോരുത്തരായി താ​ഴേക്ക് ചാടിയത്. കുട്ടികൾ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതര പരിക്കേറ്റ മൂന്നുപേരും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘മമ്മാ, പപ്പാ, ക്ഷമിക്കണം. നിങ്ങൾ ഞങ്ങളോട് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാകും. ഈ ഗെയിം ഞങ്ങളുടെ ജീവിതമായിരുന്നു’ എന്ന് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

പൊലീസ് പറയുന്നത് പ്രകാരം മൂന്നുപേരും കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളിൽ പോയിട്ടില്ല. ടാസ്ക് ബേസ്ഡ് കൊറിയൻ ഓൺലൈൻ ഗെയിമിന് മൂന്നുപേരും അടിമപ്പെടുകയായിരുന്നു. എന്നാൽ ഇത് ശരിയാവില്ലെന്നും സ്കൂളിൽ തിരിച്ച് പോകണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ഇന്ത്യക്കാരല്ലെന്നും കൊറിയൻ രാജകുമാരികളാണെന്നും കുട്ടികൾ അവകാശപ്പെട്ടിരുന്നു. മൂന്നുപേരും സ്വന്തമായി കൊറിയൻ പേരുകൾ നൽകിയിട്ടുണ്ട്. കുട്ടികൾ ഏകദേശം രണ്ടര വർഷമായി ഗെയിമിൽ ഏർപ്പെട്ടിരുന്നുവെന്നും കുടുംബജീവിതത്തിൽനിന്ന് കൂടുതൽ അകന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ടതായും രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മാതാപിതാക്കൾ കുട്ടികളുടെ ഗെയിമിങ് ശീലങ്ങളും ഓൺലൈൻ ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കുട്ടികളുടെ പിതാവ് ആവശ്യപ്പെട്ടു. കുളിയും ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെ ദൈനംദിന ജീവിതത്തിലെ മിക്ക കാര്യങ്ങളും കുട്ടികൾ ഒരുമിച്ചാണ് ചെയ്തിരുന്നത്. ഇവർ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോണിൽ അവർ കളിച്ചിരുന്ന ഗെയിമിന്റെ സ്‌ക്രീൻഷോട്ടും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു​നൽകും.

Tags:    
News Summary - 'Sorry Mummy, Papa': Three Minor Sisters Jump Off Ghaziabad Highrise; Online Gaming Under Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.