ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയെന്ന് ആരോപിച്ച് പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിച്ചതോടെ ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്സ്റ്റീൻ ഫയൽ കാണിച്ച് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എപ്സ്റ്റീൻ മോദി- സറണ്ടർ മോദി, നരേന്ദർ സറണ്ടർ, ഹൗദി മോദി- ബായ് ബായ് തുടങ്ങിയ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റ് പിരിഞ്ഞതോടെ പ്രതിഷേധം പാർലമെന്റിന് പുറത്തും ആരംഭിച്ചു. വിഷയം ചർച്ച ചെയ്യണമെന്ന അംഗീകരിക്കാത്തതിനെ തുടർന്ന് രാജ്യസഭയിൽനിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
പാർലമെന്റ് മന്ദിരത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഒത്തുകൂടിയ കോൺഗ്രസ് എം.പിമാർ മോദിയെ പരിഹസിക്കുന്ന മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പങ്കുചേർന്നു. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്ര മോദി കീഴടങ്ങുകയാണെന്ന് കുറ്റപ്പെടുത്തിയ കെ.സി. വേണുഗോപാൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു.
രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരക്കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നത്. ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറ വെക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.