പ്രതീകാത്മക ചിത്രം
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയെല്ലാം ആരംഭിച്ചതോടെ ഓൺലൈൻ ഷോപ്പിങ് ഉപഭോക്താക്കൾ ദീർഘകാലമായി തങ്ങളുടെ വിഷ് ലിസ്റ്റിലും കാർട്ടിലും ഇടംപിടിച്ച ഉൽപന്നങ്ങൾ വാങ്ങുന്ന തിരക്കിലാണ്. വലിയ കിഴിവുകൾ, പരിമിത സമയ ഡീലുകൾ, ഫ്ലാഷ് സെയിൽ എന്നിവയാണ് ഇത്തരം ഫെസ്റ്റിവ് സ്റ്റൈലുകളിലൂടെ ലഭിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ്, സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് ആയ ഗാലക്‌സി ഇസഡ് ഫോൾഡ് 7 എന്നിങ്ങനെയുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവക്കുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വൻ കിഴിവുകളാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ ഇതേസമയം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
ഫെസ്റ്റിവ് സീസണിൽ തകൃതിയായി നടക്കുന്ന സെയിലിൽ ഉപഭോക്താക്കളെ കബളിപ്പിക്കാനായി ഓൺലൈൻ തട്ടിപ്പുകാരും ഒരുങ്ങിയിരിക്കുന്നു എന്നത് വാസ്തവമാണ്. ആപ്പുകളിലും വെബ്‌സൈറ്റുകളിലും ആയിരക്കണക്കിന് ഡീലുകൾ നടക്കുന്നതിനാൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാനുള്ള സാധ്യത അധികമാണ്. സാധനങ്ങൾ വാങ്ങാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരിൽ തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിക്കുന്ന ചില മാർഗങ്ങൾ ഇവയാണ്.
ഒ.ടി.പി തട്ടിപ്പുകൾ: തട്ടിപ്പുകാർ ഡെലിവറി ഏജന്റുമാരായോ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളോ ആണെന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ച് ഡെലിവറി പ്രശ്‌നങ്ങളെക്കുറിച്ചോ പേയ്‌മെന്റ് വെരിഫിക്കേഷനെക്കുറിച്ചോ സംസാരിക്കുകയും ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്യുന്നു. ഒ.ടി.പി പങ്കിടുന്നതിലൂടെ തട്ടിപ്പ് നടത്തുന്നയാൾക്ക് അക്കൗണ്ടിന്റെ നിയന്ത്രണം ലഭിക്കുകയും അനധികൃത ഇടപാടുകൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഡെലിവറി കോൾ തട്ടിപ്പുകൾ: വ്യാജ ഡെലിവറി കോളുകളാണ് തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിക്കുന്ന മറ്റൊരു രീതി. ഉപഭോക്താക്കളെ വിളിച്ച് അവരുടെ ഓർഡർ ഡെലിവറി ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയും വ്യക്തിഗത വിവരങ്ങൾ സ്ഥിരീകരിക്കാനോ അല്ലെങ്കിൽ റീഷെഡ്യൂളിങ് ഫീസ് അടക്കാനോ ആവശ്യപ്പെടുന്നു. ഈ വിശദാംശങ്ങൾ കൈമാറിയാൽ തട്ടിപ്പുകാർക്ക് സെൻസിറ്റീവ് ഡാറ്റ, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ലഭിക്കുന്നു.
ഫിഷിങ് തട്ടിപ്പുകൾ: ഇത്തരം ഫെസ്റ്റിവ് സീസൺ സൈലുകളിൽ വ്യാപകമായ ഒന്നാണ് ഫിഷിങ് തട്ടിപ്പുകൾ. എസ്.എം.എസ്, വാട്സാപ് സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയിലൂടെയാണ് ഇവ നടത്തുന്നത്. ഇതിൽ ഡെലിവറി വിശദാംശങ്ങൾ, പ്രത്യേക കിഴിവുകൾ എന്നിവ ഉൾപ്പെടാം. ഔദ്യോഗിക ഷോപ്പിങ് പോർട്ടലുകൾക്ക് സമാനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകളും ഈ സന്ദേശങ്ങളിൽ അടങ്ങിയിരിക്കുന്നു. ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് അവരുടെ ലോഗിൻ ഐഡികൾ, പാസ്‌വേഡുകൾ അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ നൽകുമ്പോൾ അവരുടെ വിവരങ്ങൾ നേരിട്ട് ഈ ഓൺലൈൻ തട്ടിപ്പുകാരുടെ പക്കൽ എത്തുന്നു.
സമൂഹ മാധ്യമങ്ങളിലെ വ്യാജ പരസ്യങ്ങൾ: സമൂഹ മാധ്യമങ്ങളാണ് തട്ടിപ്പുകാർ ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മറ്റൊരു രീതി. റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും വ്യാജ പരസ്യങ്ങൾ എത്തിക്കുകയും അതിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിലസൂടെ തട്ടിപ്പിൽപെടുകയും ചെയ്യുന്നു.
ഇവയിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾ നമുക്ക് മനസിലാക്കാവുന്നതാണ്. ഒ.ടി.പി, കാർഡ് പിൻ നമ്പറുകൾ അല്ലെങ്കിൽ പാസ്‌വേഡുകൾ ആവശ്യപ്പെടുന്ന ഏതൊരു കോളും സന്ദേശവും തട്ടിപ്പാണെന്നതിന്‍റെ വ്യക്തമായ മുന്നറിയിപ്പാണ്.
അംഗീകൃത പ്ലാറ്റ്‌ഫോമിൽ ഒരിക്കലും അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടില്ല. സംശയാസ്പദമായി തോന്നുന്നതോ, അക്ഷരത്തെറ്റുകൾ ഉള്ളതോ, അപരിചിതമായ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുന്നതോ ആയ ലിങ്കുകളെ ഒരിക്കലും വിശ്വസിക്കരുത്. ഡെലിവറി ട്രാക്കിങിനോ ഡിസ്കൗണ്ട് കൂപ്പണുകൾക്കോ വേണ്ടി മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള അഭ്യർത്ഥനകൾ സാധാരണയായി കെണികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.