ചെന്നൈ: പൊങ്കലിന് മുന്നോടിയായുള്ള ബോഗി പൊങ്കല്‍ ആചാരത്തെ തുടര്‍ന്ന് ചെന്നൈയും പരിസരവും പുകയില്‍ മുങ്ങി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ വിമാന സര്‍വിസുകള്‍ താളംതെറ്റി. വീടും പരിസരവും വൃത്തിയാക്കി പാഴ്വസ്തുക്കള്‍ ചുട്ടെരിക്കുന്ന ആചാരമാണ് ‘ബോഗി പൊങ്കല്‍’.
ചെന്നൈയില്‍ ഇറങ്ങേണ്ട അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ ഏഴെണ്ണം വഴിതിരിച്ചുവിട്ടു. 30 വിമാനങ്ങള്‍ വൈകി. രാവിലെ 6.30 മുതല്‍ 10.30 വരെ വിമാനത്താവള പരിസരം പുകയില്‍ മുങ്ങി കാഴ്ച മറഞ്ഞു.
അബൂദബിയില്‍നിന്നുള്ള ഒമാന്‍ എയര്‍വേസ്, എത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ, മുംബൈയില്‍നിന്നുള്ള ഗോ എയര്‍, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. എമറേറ്റ്സിന്‍െറ ദുബൈ വിമാനം കൊച്ചിക്ക് തിരിച്ചുവിട്ടു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍െറ കൊളംബോ-ചെന്നൈ വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു. ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, പുണെ, പോര്‍ട്ട് ബ്ളയര്‍, മുംബൈ, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളിലെ വിമാന സര്‍വിസുകളെയും ഇത് ബാധിച്ചു.
ചെന്നൈയില്‍നിന്നുള്ള 20 വിദേശ-ആഭ്യന്തര സര്‍വിസുകള്‍ വൈകിയാണ് പറന്നത്. പത്ത് വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് ഇറങ്ങിയത്. പതിനൊന്നോടെയാണ് പുക മാറി സര്‍വിസ് പുനരാരംഭിച്ചത്. ബോഗി പൊങ്കല്‍ ആചാരം അനുസരിച്ച് പുലര്‍ച്ചെ മൂന്നോടെ വീടും പരിസരവും വൃത്തിയാക്കി ഉപയോഗശൂന്യമായ വസ്തുക്കള്‍ സൂര്യോദയത്തിന് മുമ്പ് കത്തിച്ചുകളയണം. പുക പടര്‍ന്നതോടെ ചെന്നൈയിലെങ്ങും രാവിലെ പുക മൂടിയ അന്തരീക്ഷമായിരുന്നു. ചെന്നൈ അടക്കമുള്ള പ്രധാന നഗരങ്ങളിലെ മറ്റു ഗതാഗത സംവിധാനങ്ങളും രാവിലെ താളംതെറ്റി. വായു മലിനീകരണം ഒഴിവാക്കാന്‍ പരിസ്ഥിതി സംഘടനകള്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പൊങ്കലിന്‍െറ രണ്ടാം ദിവസമായ ശനിയാഴ്ച തൈപ്പൊങ്കലാണ്. കന്നുകാലികള്‍ക്ക് വേണ്ടിയുള്ള ആഘോഷമായ മാട്ടുപ്പൊങ്കല്‍ ഞായറാഴ്ചയാണ്. ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്ന കാണുംപൊങ്കല്‍ നാലാം ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.