ന്യൂഡൽഹി: ഭിമാ കൊേറഗാവ് കേസിൽ പ്രമുഖ പൗരാവകാശ പ്രവർത്തകൻ ഗൗതം നാവ്ലഖക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി. ഒക്ടോബർ 15 വരെ അദ്ദേഹത്തിൻെറ അറസ്റ്റ് കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ മഹാരാഷ്ട്ര പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ബോംബെ ഹൈകോടതി നവ്ലാഖക്ക് നൽകിയ, അറസ്റ്റിൽനിന്നുള്ള മൂന്നാഴ്ച സംരക്ഷണ കാലാവധി വെള്ളിയാഴ്ച അവസാനിക്കുകയാണെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ ഇന്ന് ഹരജി കേൾക്കാമെന്ന് കോടതി അറിയിച്ചിരുന്നു. താൻ ഒരു നിരോധിത സംഘടനയിലും അംഗമല്ലെന്നും പൗരാവകാശ പ്രശ്നങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നും നവ്ലാഖ കോടതിയിൽ പറഞ്ഞിരുന്നു.
ഭീമ-കൊറേഗാവ് പ്രക്ഷോഭങ്ങൾക്കു പിന്നാലെ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ മഹാരാഷ്ട്ര സർക്കാർ ചുമത്തിയ കേസുകൾ റദ്ദാക്കണമെന്ന ഹരജി കേൾക്കുന്നതിൽനിന്ന് അഞ്ചാമത്തെ സുപ്രിംകോടതി ജഡ്ജിയും ഇന്നലെ പിന്മാറിയിരുന്നു. യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയതിനെതിരെ മനുഷ്യാവകാശപ്രവർത്തകൻ ഗൗതം നവ്ലാഖ സമർപ്പിച്ച ഹരജി കേൾക്കുന്നതിൽനിന്നാണ് സുപ്രീംകോടതി ജഡ്ജി എസ്. രവീന്ദ്ര ഭട്ട് പിന്മാറിയത്.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യമുന്നയിച്ച് സമർപ്പിച്ച ഹരജി റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ, നവ്ലാഖ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ്, മൂന്നംഗ ബെഞ്ചിൽനിന്ന് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് പിന്മാറുന്നതായി വ്യാഴാഴ്ച അറിയിച്ചത്.
നവ്ലാഖയുടെ ഹരജി കേൾക്കുന്നതിൽനിന്ന് കഴിഞ്ഞ സെപ്റ്റംബർ 30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പിന്മാറിയിരുന്നു. ശേഷം, ഒക്ടോബറിൽ ഒരേ ബെഞ്ചിൽതന്നെയുള്ള ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരും പിന്മാറുകയുണ്ടായി. വ്യാഴാഴ്ച വീണ്ടും കേസ് വിളിച്ചപ്പോഴാണ്, ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചിൽനിന്ന് ഭട്ട് പിന്മാറിയത്.
2017ൽ പുണെയിൽ ഭീമ-കൊറേഗാവ് പ്രക്ഷോഭത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ പിന്നാലെ, മാവോവാദി ബന്ധം ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തത്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹൈകോടതി പക്ഷേ, നവ്ലാഖക്ക് അറസ്റ്റിൽനിന്നുള്ള സംരക്ഷണം നീട്ടി നൽകിയിരുന്നു. വരവര റാവു, അരുൺ ഫെരാരിയ, വെർണോൻ ഗോൺസാൽവസ്, സുധ ഭരദ്വാജ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.