ബംഗളൂരു: മെട്രോ നഗരത്തിൽ ആറു മണിക്കൂർ ആശുപത്രികളുടെ കനിവ് തേടി അലഞ്ഞ് ഒടുവിൽ ഓട്ടോറിക്ഷയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. കോവിഡ് രോഗികൾ നിറഞ്ഞതിനാലും പല ആശുപത്രികളും കോവിഡ് രോഗികൾക്ക് മാത്രമായി മാറ്റിവെച്ചതിനാലും യുവതിയെ മൂന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കാതെ മടക്കുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവം. ശ്രീരാംപുര ഗവ. ആശുപത്രി, വിക്ടോറിയ ആശുപത്രി, വാണിവിലാസ് തുടങ്ങിയ ആശുപത്രികളിലാണ് പ്രസവ വേദനയുമായി യുവതി ഓട്ടോയിൽ എത്തിയത്. ഒടുവിൽ കെ.സി ജനറൽ ആശുപത്രി മുറ്റത്ത് ഓട്ടോയിൽ യുവതി പ്രസവിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിയിച്ചത്. സംഭവത്തിൽ നടപടി വേണമെന്ന് അദ്ദേഹം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന ഇത്തരത്തിലെ രണ്ടാമത്തെ സംഭവമാണിത്. കോവിഡ് വ്യാപനത്തോടെ ബംഗളൂരുവിലെ ആശുപത്രി കിടക്കകളുടെ എണ്ണത്തിൽ ലഭ്യതക്കുറവുണ്ട്. പല ആശുപത്രികളും കോവിഡ് രോഗികൾക്ക് മാത്രമായി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കർണാടകയിൽ 3,648 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 1452 രോഗികളും ബംഗളൂരുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.