മുംബൈ: 17,471 കോടി രൂപ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്ത് കഴിയുന്ന വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ബംഗളൂരു നഗരത്തിലെ കിങ്ഫിഷർ ടവറിലെ ഫ്ലാറ്റ് ഏറ്റെടുക്കാനുള്ള മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം ബംഗളൂരു ഹൈക്കോടതി അംഗീകരിച്ചു.
മല്യയുടെ യുനൈറ്റഡ് ബ്രീവറീസും പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സും ചേർന്നാണ് ബംഗളൂരുവിൽ ഫ്ലാറ്റ് നിർമിച്ചത്. ഈ ഫ്ലാറ്റിനായി വ്യവസായിയായ രാജേന്ദ്രകുമാർ ജയിൻ 2011ൽ 18.4 കോടി രൂപ മുടക്കിയിരുന്നു. എന്നാൽ ഫ്ലാറ്റ് കൈമാറുന്നതിന് മുമ്പ് ബാങ്കുകളെ കബളിപ്പിച്ച കേസിൽ സി.ബി.ഐ മല്യയെ അറസ്റ്റ് ചെയ്തു. ഇതോടെ ഇയാൾക്ക് ഫ്ലാറ്റ് കിട്ടാതെയായി.
2016 ൽ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ ഇ.ഡി ഈ ഫ്ലാറ്റ് ഏറ്റെടുത്തു. യു.ബി ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ളതിനാലാണ് ഇ.ഡി ഇത് ഏറ്റെടുക്കുന്നത്. എന്നാൽ രജിസ്ട്രേഡ് വൽപനക്കരാർ ഇല്ലാത്തതിനാൽ ജയിൻ ഇത് അപ്പലേറ്റ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്ത് 2019 ൽ അനുകൂല വിധി സമ്പാദിച്ചു.
ഇതേ വർഷം എസ്.ബി.ഐ നേതൃത്വത്തിലുള്ള കൺസോർഷ്യം മല്യയുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യാനായി മുംബൈയിലെ പ്രത്യേക കോടതിയെ സമീപിച്ചു. യു.ബിയുടെ ഔദ്യോഗിക ലിക്വിഡേറ്റർ ഇതിനെ എതിർത്തു. ഇത് പ്രത്യേക കോടതി തള്ളുകയും ബാങ്കിന് ഏറ്റെടുക്കാമെന്ന് വിധിക്കുകയും ചെയ്തു.
ഇതിനുള്ള നീക്കം നടക്കുന്നതിനിടെ ജയിൻ വിൽപന കരാർ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഒരു കമ്പനി ആപ്ലിക്കേഷൻ സമർപ്പിച്ചു. ലിക്വിഡേറ്റർ എൻ.ഒ.സി നൽകുകയും ജയിൻ വൽപന കരാർ 2021 ൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ വിൽപനക്കകരാർ സ്ഥാവര വസ്തു എന്ന നിലയിൽ ഒരാളുടെ ഉടമസ്ഥാവകാശമായി കാണാൻ കഴിയില്ലെന്നു പറഞ്ഞാണ് ഹൈക്കോടതി ഇ.ഡിക്ക് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.