നഗരത്തിൽ കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യം
ബംഗളൂരു: ബംഗളൂരുവിനെ 2030 ഓടെ പ്ലാസ്റ്റിക് രഹിത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിനേനെ 900 ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്ന ബംഗളൂരുവിനെ മാലിന്യമുക്തമാക്കുകയെന്ന വലിയ ലക്ഷ്യമായാണ് നിശ്ചയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറച്ചാൽ മാത്രമെ ബംഗളൂരു വൃത്തിയുള്ള ഹരിതനഗരമാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി) സുവർണ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവേയാണ് നഗരം പ്രതിദിനം 900 ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്.
ഇത് സുസ്ഥിരമല്ലെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, 2030 ആകുമ്പോഴേക്കും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന് പൗരന്മാരോടും,വ്യവസായികളോടും, പൗര സംഘടനകളോടും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചു. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദോഷങ്ങൾ ജനങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് രഹിത ബംഗളൂരു എന്നത് വെറും സ്വപ്നം മാത്രമാവുമെന്നും, അവബോധവും പൊതുജനപങ്കാളിത്തവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ തൊഴിലാളികൾക്ക് കൈമാറുന്നതിനുമുമ്പ് ഉണങ്ങിയതും നനഞ്ഞതുമായ മാലിന്യങ്ങൾ വേർതിരിക്കണമെന്നും സിദ്ധരാമയ്യ ജനങ്ങളോട് അഭ്യർഥിച്ചു.
പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്കയുടെ സ്മരണയ്ക്കായി വാർഷിക പരിസ്ഥിതി സംബന്ധമായ പരിപാടികളെ പിന്തുണക്കാനും എല്ലാ വർഷവും അഞ്ച് പരിസ്ഥിതി യോദ്ധാക്കളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു കോടി രൂപയുടെ എൻഡോവ്‌മെന്റ് ഫണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.2030 ലെ വലിയ ലക്ഷ്യത്തിന്റെ ആദ്യഘട്ടമായ ഈ വർഷത്തിനുള്ളിൽ കുറഞ്ഞത് 50 വാർഡുകളെങ്കിലും പ്ലാസ്റ്റിക് രഹിതമാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ബി. ഈശ്വർ ഖന്ദ്രെ പറഞ്ഞു.
ബംഗളൂരുവിലെ ജലമലിനീകരണവും ഹൈടെക് നഗരത്തിൽ പരിഹാരമില്ലാത്ത പ്രശ്നമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി ജില്ലകളിലെ മോശം മലിനജല സംസ്കരണ പ്ലാന്റുകളെക്കുറിച്ച് കെ.എസ്.പി.സി.ബി ചെയർമാൻ പി.എം. നരേന്ദ്രസ്വാമി ആശങ്ക പ്രകടിപ്പിച്ചു. സംസ്കരിക്കാത്ത മലിനജലം തടാകങ്ങളിലേക്കും നദികളിലേക്കും ഒഴുക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാൻ ജില്ല ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നദീ നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും നരേന്ദ്രസ്വാമി പറഞ്ഞു. പുനരുപയോഗം ചെയ്ത മാലിന്യങ്ങൾ ഉപയോഗിച്ച് ദക്ഷിണ കന്നഡ ഇതികം റോഡ് നിർമാണം തുടങ്ങിയിട്ടുണ്ടെന്നും മറ്റ് ജില്ലകൾക്ക് മാതൃകയാക്കാവുന്നുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലിനീകരണ നിയന്ത്രണത്തിന് നൽകിയ സംഭാവനകൾക്ക് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രി ഖന്ദ്രെയും ചേർന്ന് ഇന്ദിരാ പ്രിയദർശിനി പരിസ്ഥിതി അവാർഡ് സമ്മാനിച്ചതോടെ പരിപാടി അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.