ബംഗളുരു: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സോഫ്റ്റ് എൻജിനീയറായ 26കാരനെ കബളിപ്പിച്ച് സ്വർണവും ഗാഡ്ജെറ്റുകളും കവർന്നെടുത്ത് യുവതി. നവംബർ ഒന്നിനാണ് സംഭവം നടന്നത്. എന്നാൽ ഒരാഴ്ചക്ക് ശേഷം ഇന്ദിരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
രണ്ടു മാസം മുൻപാണ് കവിപ്രിയ എന്ന യുവതിയെ ഡേറ്റിങ് ആപ്പിലൂടെ സോഫ്റ്റ് വെയർ എൻജിനീയറായ യുവാവ് പരിചയപ്പെട്ടത്. കുറച്ച് നാളത്തെ ഓൺലൈൻ ചാറ്റിങ്ങിനുശേഷം ഇരുവരും ഇന്ദിരാനഗറിലെ ഒരു റസ്റ്റോറന്‍റിൽ വെച്ച് കാണാൻ തീരുമനിച്ചു.
മദ്യം അടക്കം കഴിച്ച ഇരുവരും ഏതാണ്ട് അർധരാത്രിയോടെയാണ് റസ്റ്ററന്‍റിൽ നിന്നും പോയി അടുത്തുള്ള ഒക്ടേവ് ക്രിസ്റ്റൽ ഹൈറ്റസ് എന്ന ലോഡ്ജിലെത്തിയത്. യുവതിയായിരുന്നു മുറി ബുക് ചെയ്തത്. പേയിങ് ഗസ്റ്റായി താമസിക്കുന്ന ഇടത്തേക്ക് പോകാൻ പറ്റിയ അവസ്ഥയിലല്ല താനെന്ന് യുവതി യുവാവിനെ വിശ്വസിപ്പിച്ചിരുന്നു. നാഗസാന്ദ്രയിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയാണ് യുവാവ്.
നവംബർ രണ്ടിന് പുലർച്ചെ 12.30 ഓടുകൂടി സെപ്റ്റോ ആപ്പിലൂടെ ഓർഡർ ചെയത് ഭക്ഷണമാണ് ഇരുവരും കഴിച്ചത്. അതിനുശേഷം യുവതി ഒരു ഗ്ലാസ് വെള്ളം നൽകി. വെള്ളം കുടിച്ചതിനുശേഷം യുവാവ് ഉറങ്ങിപ്പോയിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
രാവിലെ ഉണർന്നെണീറ്റപ്പോഴാണ് കവിപ്രിയ വിലപിടിപ്പുള്ള വസ്തുക്കളെല്ലാമെടുത്ത് സ്ഥലം വിട്ടതായി യുവാവിന് മനസിലായത്.
സ്വർണമാല, സ്വർണ ബ്രേസിലേറ്റ്, 10,000 രൂപ, 12,000 രൂപ വിലയുള്ള ഹെഡ് സെറ്റ് എന്നിവയാണ് യുവതി മോഷ്ടിച്ചത്.
കവിപ്രിയയുമായി ബന്ധപ്പെടാൻ യുവാവ് ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തന്‍റെ സ്വകാര്യ ഫോട്ടോകൾ യുവതിയുടെ കൈവശമുണ്ടെന്നുള്ള ഭയം കാരണമാണ് യുവാവ് പരാതി നൽകാൻ മടിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.
വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം യുവാവിനെ യുവതി ബോധരഹിതയാക്കിയിട്ടുണ്ടാകുകയെന്നും പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.