ഭാഷയുടെ പേരിൽ വാക്കേറ്റവും കൈയ്യാങ്കളിയും, യാത്രാക്കൂലിയും ഹെൽമെറ്റും നൽകാതെ യുവതി; മുഖത്തടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ -വിഡിയോ വൈറൽ

ബംഗളൂരു (കർണാടക): ആശയവിനിമയത്തിനുള്ള ഭാഷയുടെ പേരിൽ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും. ബംഗളൂരുവിലെ ജയനഗറിലാണ് ജുവലറി ജീവനക്കാരിയായ സുമൻ എസിനെയാണ് വാക്കുതർക്കത്തിനിടെ ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് മർദിച്ചത്. ഡ്രൈവർ മർദിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇരുവർക്കും സംസാര ഭാഷയാണ് വിലങ്ങുതടിയായത്. യുവതി ഇംഗ്ലീഷിലും ഡ്രൈവർ കന്നഡയിലുമാണ് സംസാരിച്ചത്. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും യുവതി വിസമ്മതിച്ചതാണ് വാക്കുതർക്കത്തിന് വഴിവെച്ചത്. യുവതി ഡ്രൈവറെ ഇടിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. തുടർന്ന് ഡ്രൈവർ മുഖത്തടിച്ചതിന് പിന്നാലെ യുവതി നിലത്ത് വീണു.

ഡ്രൈവറും യുവതിയും തമ്മിൽ തർക്കിക്കുന്നതും കൂട്ടംകൂടി നിന്ന കാഴ്ചക്കാരെ വിഷയത്തിൽ ഇടപെടുത്താൻ പ്രേരിപ്പിക്കുന്നതും യുവതിയെ മർദിക്കുന്നത് കാഴ്ചക്കാർ തടയാൻ ശ്രമിക്കാത്തതും വിഡിയോയിൽ കാണാം. നടുറോഡിൽ വാഹനം നിർത്താൻ നിരന്തരം യുവതി ആവശ്യപ്പെട്ടതായും ബൈക്ക് നിർത്തിയാൽ പിന്നിൽ വരുന്ന വാഹനം ഇടിക്കുമെന്നും പറഞ്ഞതായും ഡ്രൈവർ വിശദീകരിക്കുന്നു.

'യുവതി എന്നെ അധിക്ഷേപിച്ചു. എനിക്ക് വിദ്യാഭ്യാസമുണ്ടോ എന്ന് ചോദിച്ചു. അവർ എന്നോട് മോശമായി പെരുമാറി. ഞാൻ അവരോട് പണം നൽകാൻ പറഞ്ഞു. പക്ഷേ അവർ എന്നെ അധിക്ഷേപിച്ചു കൊണ്ടിരുന്നു. എന്റെ കോളറിൽ പിടിച്ചു വലിച്ചു. ശാരീരിക ആക്രമണത്തിന് അവകാശമില്ലെന്ന് പറഞ്ഞപ്പോൾ ചോറ്റുപാത്രം കൊണ്ട് രണ്ടു തവണ അടിച്ചു. അപ്പോഴാണ് ഞാൻ തിരിച്ചടിച്ചത്. ആളുകൾ കാണുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ ശബ്ദമുയർത്തി കൊണ്ടിരുന്നു ' -ഡ്രൈവർ പറയുന്നു.

ഡ്രൈവർ ഗതാഗത നിയമങ്ങൾ പാലിച്ചില്ലെന്ന് യുവതി എൻ.ഡി.ടി.വിയോട് പറഞ്ഞു. 'അയാൾ എന്നെ ആക്രമിക്കാൻ പാടില്ലായിരുന്നു. ഞാൻ പണവും ഹെൽമറ്റും നൽകി. അപ്പോൾ നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ എന്നോട് പറഞ്ഞു. കന്നഡക്കാർക്ക് ഭാഷാ പ്രശ്നമുണ്ട്. എനിക്ക് വഴക്കിടാൻ താൽപര്യമില്ല. പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെ വന്ന് താമസിക്കും. ഭാഷ അറിയണം, അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്ക് പോകണം എന്നാണ് കന്നഡക്കാർ പറയുന്നത്. 'സംസ്ഥാനം' എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം അയാൾ 'രാജ്യം' എന്ന വാക്ക് ഉപയോഗിച്ചത്' -യുവതി വ്യക്തമാക്കി.

യുവതിയെ മർദിച്ച സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, കേസുമായി മുന്നോട്ടു പോകാൻ യുവതിക്ക് താൽപര്യമില്ലെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ബൈക്ക് ടാക്സികൾ നിർത്തിവെക്കാൻ കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന സർക്കാറിന് കർണാടക ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് ബൈക്ക് ടാക്സികൾക്ക് വാണിജ്യ വാഹനങ്ങളായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു.

ബൈക്ക് ടാക്സികൾ നിയമവിരുദ്ധമാണെന്ന് ഹൈകോടതി വിധിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ബൈക്ക് ടാക്സികൾ അവസാനിപ്പിക്കാൻ രണ്ട് തവണയായി 12 ആഴ്ച സമയം നൽകിയിരുന്നു. സമയപരിധി അവസാനിച്ചെന്നും ഹൈകോടതിയുടെ ഉത്തരവ് പാലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ ടെക് ഹബ്ബായ ബംഗളൂരുവിൽ ബൈക്ക് ടാക്സികൾ വ്യാപകമാണ്. ഇതിൽ 60 ശതമാനം റാപ്പിഡോ ആണ് കൈവശം വച്ചിട്ടുള്ളത്. പ്രതിദിനം 16.5 ലക്ഷം റൈഡുകളാണ് നടത്തുന്നത്. സംസ്ഥാനത്തുടനീളം കുറഞ്ഞത് 1.5 ലക്ഷം പേർ ബൈക്ക് ടാക്സി തൊഴിലാളികളാണ്.

Tags:    
News Summary - Bengaluru Driver Told Woman Before Slapping Her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.