പ്രതീകാത്മക ചിത്രം (എ.ഐ)
ബംഗളൂരു: ഉദ്യാനനഗരിയുടെ ആകാശം ദീപാവലിയുടെ വെടിക്കെട്ടിൽ ശബ്ദമുഖരിതമായ രാത്രി നഗരത്തിലെ വളർത്തു മൃഗങ്ങൾക്കും തെരുവു നായ്ക്കൾക്കുമൊക്കെ സമ്മാനിച്ചത് ഉറക്കമില്ലാത്ത മണിക്കൂറുകൾ. മൂന്നു ദിവസത്തേക്ക് അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന കാതടപ്പിക്കുന്ന സ്ഫോടനങ്ങൾ കാരണം പല മൃഗങ്ങളും പേടിച്ചരണ്ട് നഗരം വിട്ട് ഓടിപ്പോയതായാണ് റിപ്പോർട്ട്. വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമൊക്കെ ഇതിൽപെടും. ഇവയെ തിരികെ വീട്ടിലേക്ക് എത്തിക്കാൻ കുടുംബങ്ങളും മൃഗരക്ഷാപ്രവർത്തകരും അടക്കമുള്ളവർ തീവ്രമായ തിരച്ചിൽ നടത്തിവരികയാണ്.
ബംഗളൂരുവിൽ കാതടപ്പിക്കുന്ന പടക്കശബ്ദം കാരണം നാല് ദിവസത്തിനുള്ളിൽ നൂറോളം നായ്ക്കളെ കാണാതായതാണ് റിപ്പോർട്ട്. പടക്കം പൊട്ടിക്കുന്ന ശബ്ദം മൃഗങ്ങൾക്ക് എത്രത്തോളം ആഘാതമേൽപ്പിക്കുവെന്ന് ആളുകൾ പലപ്പോഴും മനസ്സിലാക്കുന്നില്ലെന്ന് ‘യുനൈറ്റഡ് ഫോർ കംപാഷൻ’ ഭാരവാഹി അഭിഷേക് ആർ. കൗണ്ടിന്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വോയ്സ് ഓഫ് വോയിസ് ലെസ് എന്ന മൃഗ സ്നേഹികളുടെ വാട്സാപ് ഗ്രൂപ്പിലാണ് തങ്ങളുടെ നായകളെ നഷ്ടമായ വിവരം ഉടമസ്ഥർ പങ്കുവെക്കുന്നത്. ‘പേടിച്ചരണ്ട നായ്ക്കൾ കിലോമീറ്ററുകൾ അകലേക്കാണ് ഓടിപ്പോകുന്നത്. പലപ്പോഴും തിരക്കേറിയ റോഡുകളിലൂടെയും വിജന പ്രദേശങ്ങളിലൂടെയുമൊക്കെയാണ് അവ ഓടിയകലുന്നത്. മറ്റ് നായ്ക്കളുടെ ആക്രമണത്തിന് അവ ഇരയാകുന്നുണ്ട്. ഭക്ഷണവും പാർപ്പിടവും കണ്ടെത്താൻ പാടുപെടുകയും ചെയ്യുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
രാജാജിനഗർ സ്വദേശിയായ യാഷിന് ഇത്തവണത്തെ ദീപാവലി ആഘോഷം സങ്കടകരമായി മാറി. അദ്ദേഹത്തിന്‍റെ അരുമയായ ഗോൾഡൻ റിട്രീവർ നായയെ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാനില്ല. അദ്ദേഹവും കുടുംബവും രാവും പകലും തിരഞ്ഞെങ്കിലും ഇതുവരെ നായയെ കണ്ടെത്താനായില്ല. അവളെ കണ്ടുപിടിക്കാനാവുന്ന രീതിയിൽ എന്തെങ്കിലും സന്ദേശം ആരിൽനിന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ ഇപ്പോഴുമെന്ന് യാഷ് പറയുന്നു.
എന്നാൽ, ബനശങ്കരിയിലെ ശൈലജ രംഗനാഥ് തന്റെ വീടിനടുത്തുനിന്നും കണ്ടെത്തിയ ഒരു ലാബ്രഡോറിനെ വ്യാഴാഴ്ച അതിന്റെ ഉടമസ്ഥർക്ക് തിരിച്ചേൽപിക്കാൻ കഴിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വീടിനരികെ അലഞ്ഞുതിരിയുന്ന നായയുടെ ചിത്രം വാട്സാപ്പിൽ പങ്കുവെച്ചാണ് ശൈലജ അതിന്റെ ഉടമസ്ഥരെ കണ്ടെത്തിയത്.
മൃഗങ്ങളോട് മനഃപൂർവം ക്രൂരത കാണിക്കുന്ന, പടക്കം അവരുടെ നേരെ എറിയുന്നതുപോലുള്ള സംഭവങ്ങൾ ഈ വർഷം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ടെങ്കിലും ഈ വർഷം ഒന്നുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കൗണ്ടിന്യ പറഞ്ഞു. വ്യാഴാഴ്ച വരെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് മൃഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് കംപാഷൻ അൺലിമിറ്റഡ് പ്ലസ് ആക്ഷൻ (സി.യു.പി.എ) ട്രോമ സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.