ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിലേറെ അടക്കിവാണ നിതീഷ് കുമാറിന്റെ വാഴ്ചക്ക് അറുതിവരുത്തി ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി പദത്തിലേക്ക് വഴിയൊരുക്കുന്നു. മാർച്ച് ഒന്നിന് 75 വയസ്സ് പൂർത്തിയാക്കിയ ജനതാദൾ-യുവിന്റെ പരമോന്നത നേതാവിനെ രാജ്യസഭയിലേക്ക് എത്തിച്ചും മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയുമാണ് ബി.ജെ.പിയുടെ നിർണായക ഡീൽ. ബി.ജെ.പിയുമായി വളരെ അടുത്ത ബന്ധമുള്ള ജനതാദൾ-യു വർക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പിയുമായ സഞ്ജയ് ഝായെ മുന്നിലിറക്കിയാണ് നിതീഷിനെക്കൊണ്ട് രാജിക്ക് സമ്മതിപ്പിച്ചത്.
മാർച്ച് 16ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പോടെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെച്ച് പുതിയ മുഖ്യമന്ത്രിക്ക് കീഴിൽ ബി.ജെ.പി നയിക്കുന്ന സർക്കാറിനെ പിന്തുണക്കും. രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നിതീഷ് കുമാർ ഇന്ന് സമർപ്പിക്കുമെന്നാണ് കരുതുന്നത്. എൻ.ഡി.എയുടെ എല്ലാ എം.എൽ.എമാരോടും ഇതിനായി പട്നയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. രാംനാഥ് ഠാക്കൂർ എന്ന കാലാവധി കഴിഞ്ഞ ജെ.ഡി.യു രാജ്യസഭാ എം.പിയെ വീണ്ടും സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
ബി.ജെ.പിക്ക് ഒരിക്കലും മുഖ്യമന്ത്രിയെ വാഴിക്കാനാകാത്ത ഹിന്ദി ഹൃദയഭൂമിയിലെ ഏക സംസ്ഥാനമാണ് ബിഹാർ. നിതീഷിനെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പ് നേരിട്ടതിനാൽ ആദ്യം മുഖ്യമന്ത്രിപദത്തിലേറ്റിയ ശേഷം പിന്നീട് പിൻവലിക്കാമെന്നായിരുന്നു ബി.ജെ.പി തന്ത്രം. 10 തവണ മുഖ്യമന്ത്രിയായ നിതീഷ് നയിക്കുന്ന മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിപദം ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് നൽകിയതിൽനിന്നുതന്നെ മുഖ്യമന്ത്രി പദത്തിലേക്കായിരുന്നു ബി.ജെ.പിയുടെ കണ്ണ് എന്ന് വ്യക്തമായിരുന്നു. ജിതിൻ റാം മഞ്ചി മുഖ്യമന്ത്രിയായ ചുരുങ്ങിയ ഇടവേള ഒഴിച്ചാൽ 2015 മുതൽ തുടർച്ചയായി നിതീഷ് മുഖ്യമന്ത്രി പദത്തിലുണ്ട്. മദ്യനിരോധനം നടപ്പാക്കിയ നിതീഷിനെ താഴെയിറക്കി അധികാരമേൽക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി ആ നയം തിരുത്തി മദ്യത്തിന് അനുമതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.