ബംഗാളിൽ എസ്.​ഐ.ആറിന് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ ചീഫ് സെക്രട്ടറിയായി നിയമിച്ച് ബി​.ജെ.പി സർക്കാർ

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനും എസ്.ഐ.ആറിനും നേതൃത്വം നൽകിയ പശ്ചിമബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ അഗർവാളിന് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമനം. 1990 ബാച്ച് പശ്ചിമബംഗാൾ കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അഗർവാൾ.

സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് കുമാർ അഗർവാളിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചതായി ഗവർണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയെ ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ റസിഡന്റ് കമീഷനറായും നിയമിച്ചു.

ശനിയാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസം. എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട കൂട്ട വോട്ടവകാശ നിഷേധത്തിൽ നിരവധി വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് നിയമനം. എസ്.ഐ.ആറിലൂടെ 91ലക്ഷം വോട്ടർമാരെയാണ് നീക്കം ചെയ്തത്.

പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശനിയാഴ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഗർവാളിന്റെ നിയമനം.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ ബി.ജെ.പി സ്വാഗതം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജി നിയമങ്ങളും ഐ.എ.എസ് ചട്ടങ്ങളും ലംഘിച്ച് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് നിയമനങ്ങൾ നടത്തിയിരുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അതിനാൽ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്ന വാഗ്ദാനം പാലിച്ചാണ് സർക്കാർ മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നും ബി.ജെ.പി വ്യക്തമാക്കി.

മമത ബാനർജിയുടെ 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ബി.​ജെ.പി ബംഗാളിൽ അധികാരത്തിലെത്തിയത്. പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അഞ്ച് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയോടൊപ്പം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെയാണ് ഭരണതലത്തിലെ അഴിച്ചുപണികൾ സർക്കാർ ആരംഭിച്ചിരിക്കുന്നത്. 

Tags:    
News Summary - Bengal poll chief Manoj Kumar Agarwal becomes new BJP govts top bureaucrat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.