ഗോമൂത്രം കുടിച്ച് കോവിഡിനെ ചെറുക്കണമെന്ന് ബംഗാൾ ബി.ജെ.പി നേതാവ്

കൊൽക്കത്ത: ഗോമൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയർത്തണമെന്ന് ബംഗാള്‍ ബി.ജെ.പി പ്രസിഡന്‍റും ലോക്സഭ എം.പിയുമായ ദിലീപ് ഘോഷിന്‍റെ ആഹ്വാനം. 'ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും ബുദ്ധിമുട്ടാവും. അവർ കഴുതകളാണ്. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്‍റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. ആയുർവേദ മരുന്നും കഴിക്കാം.' ദിലീപ് ഘോഷ് പറഞ്ഞു. 

വീട്ടിലുണ്ടാക്കാവുന്ന ചില മരുന്നുകളെക്കുറിച്ചും ദിലീപ് ഘോഷ് പറഞ്ഞു. 'തുളസിയാണ് നാം പൂജക്ക് ഉപയോഗിക്കുക. തുളസി പ്രസാദമായും ഉപയോഗിക്കുന്നു. ഇതെല്ലാമാണ് നമ്മുടെ പിതാമഹന്മാരെ ആരോഗ്യവാന്മാരാക്കി നിറുത്തിയത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള പഞ്ചാമൃതവും ആരോഗ്യം നിലനിർത്താനാണ് ഉപയോഗിക്കുന്നത്.' 

വിഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കോവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. ഇതിനുമുൻപും ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് വിവാദ പ്രസ്താവന നടത്തിയിരുന്നു. 'പശുവിന്‍റെ പാലില്‍ സ്വര്‍ണമുണ്ടെന്ന' 2019 നവംബറിലെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Tags:    
News Summary - Bengal BJP Chief says Drink Cow Urine to Fight Coronavirus-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.