മുസ്‍ലിം സ്ത്രീയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ആദരണീയനെന്ന് പൊലീസ്

ന്യൂഡൽഹി: മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്ന് ആഹ്വാനം ചെയ്ത തീവ്ര ഹിന്ദുത്വ വാദിയായ ബജ്റംഗ് മുനി മതവിശ്വാസികൾക്ക് ആദരണീയനായ വ്യക്തിയാണെന്ന് ഉത്തർ പ്രദേശ് പൊലീസ്. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് പൊലീസിന്റെ പരാമർശം. വലിയ അനുയായി വൃന്ദമുള്ള സീതാപൂരിലെ ആദരണീയനായ മതനേതാവാണ് ബജ്‌റംഗ് മുനി എന്നാണ് സംസ്ഥാന പൊലീസിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചത്. ഹരജിയിൽ സുപ്രിംകോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു.

'ഒരു മതനേതാവിനെ വിദ്വേഷത്തിന്റെ വ്യാപാരി എന്നു വിളിക്കുമ്പോൾ അത് പ്രശ്‌നങ്ങൾ ഉണ്ടാക്കും. ബജ്‌റംഗി ബാബയുടെ ആരാധകരുടെ മതവികാരത്തെ സുബൈർ വ്രണപ്പെടുത്തി. അത് മനഃപൂർവമാണെങ്കിലും അല്ലെങ്കിലും വിചാരണ നേരിടേണ്ടതുണ്ട്. പ്രഥമദൃഷ്ട്യാ അതിക്രമം ഉണ്ടായിട്ടുണ്ട്. നിങ്ങൾ നല്ല ആളായിരുന്നു എങ്കിൽ ട്വിറ്ററിൽ കുറിപ്പിടാതെ പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടത്' - എ.എസ്.ജി കോടതിയിൽ വാദിച്ചു.

മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പൊലീസിന്റെ മുമ്പിൽ വച്ച് പരസ്യമായി പറഞ്ഞയാളാണ് ബജ്‌റംഗി മുനിയെന്ന് സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൾസാൽവ്‌സ് ചൂണ്ടിക്കാട്ടി. 'മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് പൊലീസിന്റെ മുമ്പിൽ വച്ചാണ് ഒരു സന്യാസി പറയുന്നത്. ഞാനിത് ട്വീറ്റു ചെയ്തിരുന്നു. അതിന്റെ പൂർണ വീഡിയോ ഉണ്ട്. ഇക്കാര്യം അന്വേഷിക്കുന്നുണ്ട് എന്നു മാത്രമാണ് സീതാപൂർ പൊലീസ് മറുപടി നൽകിയത്. ബജ്‌റംഗ് മുനിയുടെ പരാമർശത്തിൽ ദേശീയ വനിതാ കമ്മിഷൻ നടപടി എടുത്തു വരികയാണ്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bajrang Muni, Described by ASG as ‘Respectable’, Called for Rape of Muslim Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.