ക്രിസ്മസ് രാവിലും സംഘ്പരിവാർ ആക്രമണം; ക്രിസ്ത്യാനികളെ തെരുവിൽനിന്ന് ഓടിച്ചു, ക്രിസ്മസ് അപ്പൂപ്പന് തീയിട്ടു, ജയ് ശ്രീ റാം മുഴക്കി

ന്യൂഡൽഹി: വ്യാപകവിമർശനം ഉയർന്നിട്ടും രാജ്യത്ത് ക്രിസ്മസ് രാവിലും ആ​ഘോഷങ്ങൾക്ക് നേരെ സംഘ്പരിവാർ അനുകൂലികളുടെ ആക്രമണം തുടർന്നു. ഡൽഹിയിലെ ലജ്പത് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവിൽനിന്ന് ഇവരെ ആട്ടിയോടിച്ചു.

നൽബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ മാഗ്നെറ്റോ മാളിൽ ബജ്‌റംഗ്ദൾ നേതൃത്വത്തിൽ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു.


ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ് തൊപ്പികൾ ധരിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന വിശ്വാസികളെ, മതപരിവർത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവർ അധിക്ഷേപിച്ചത്. "നിങ്ങളുടെ സ്വന്തം വീടുകളിൽ ആഘോഷിക്കൂ" എന്ന് ആക്രോശിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആഘോഷം തടഞ്ഞത്.

അതേസമയം, ചില വ്യക്തികൾ തമ്മിലുള്ള ചെറിയ കശപിശയാണിതെന്ന് പറഞ്ഞ് ഡൽഹി പൊലീസ് സംഭവത്തെ നിസ്സാരവൽക്കരിച്ചു. ‘വിഷയം അവർതന്നെ അവിടെവെച്ച് തന്നെ രമ്യമായി പരിഹരിച്ചു. സ്ഥിതിഗതികൾ വഷളായിട്ടില്ല. പ്രദേശം പൂർണമായും സമാധാനപരവും സാധാരണവുമായി തുടർന്നു’ -ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേമന്ത് തിവാരി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ‘സംഭവത്തിന് സാമുദായികമോ മതപരമോ ആയ ഒരു വശവുമില്ല. അങ്ങനെ ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും തെറ്റിദ്ധരിപ്പിക്കുന്നതാണ്’ -പൊലീസ് ഔദ്യോഗിക വിശദീകരണത്തിൽ പറഞ്ഞു.


Tags:    
News Summary - Bajrang Dal workers object to Santa Claus hats in Delhi, police says issue ‘resolved’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.