ബജ്റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ, എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി

ബംഗളൂരു: ബജ്റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകക്കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അഞ്ച് പ്രതികൾ ഉണ്ടെന്നാണ് നിഗമനമെന്നും ആരാണ് ഇവർക്ക് പിന്നിലെന്ന് വ്യക്തമല്ലെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ശിവമോഗ്ഗയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 1200 പൊലീസ് ഉദ്ദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിച്ചതായും ക്രമസമാധാനം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ എൻ.ഐ.എ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെ ആവശ്യപ്പെട്ടു. വിഷയത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മക്ക് കത്തെഴുതിയതായും മന്ത്രി അറിയിച്ചു. ഹിജാബ് വിഷയത്തിൽ പ്രതിഷേധച്ചതിനാണ് ബജ്രംഗ്ദാൽ ആക്ടിവിസ്റ്റായ ഹർഷ (23) എന്ന യുവാവിനെ ഒരു സംഘം കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതെന്ന് ശോഭ ആരോപിച്ചു.

ഞായറാഴ്ച്ച രാത്രി കർണാടകയിലെ ശിവമോഗയിലായിരുന്നു സംഭവം. കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിന് പിന്നിൽ മുസ്ലിം മതവിശ്വാസികളാണെന്ന് കർണാടക മന്ത്രി ഇശ്വരപ്പ ആരോപിച്ചു. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ ദേശീയ പതാകയെക്കുറിച്ചുള്ള പരാമർശം കൊലപാതകത്തിന് ജനങ്ങളെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, മന്ത്രിക്കെതിരെ ശിവകുമാർ രംഗത്തുവന്നു. ഈശ്വരപ്പക്ക് സാമാന്യ ബോധമില്ലെന്നും ദേശീയ പതാകയെ അവഹേളിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

കൊലപാതകം ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടതല്ല, രണ്ട് സംഘങ്ങൾ തമ്മിലെ വിഷയമാണ്. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തണമെന്നും ശിവകുമാർ പറഞ്ഞു. സംഭവത്തിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.  

Tags:    
News Summary - Bajrang Dal activist's murder: Three arrested, Union Minister demands NIA probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.