ഉമർ ഖാലിദ്, ഷർജീൽ ഇമാം 

'ഉമർ ഖാലിദും ഷർജീൽ ഇമാമും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു'; ജാമ്യാപേക്ഷകൾ നിയമവിരുദ്ധമെന്ന് ഡൽഹി ഹൈകോടതിയിൽ പൊലീസ്

ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസിൽ വിദ്യാർഥി ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദും ഷർജീൽ ഇമാമും സമർപ്പിച്ച പുതിയ ജാമ്യാപേക്ഷകൾ നിയമവിരുദ്ധമാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഡൽഹി പൊലീസ് ഡൽഹി ഹൈകോടതിയിൽ. ഇരുവരും കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരാണെന്നും ഇവരുടെ പങ്ക് ഒരു 'കമാൻഡ് അതോറിറ്റി'ക്ക് തുല്യമാണെന്നും പൊലീസ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. 

സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായാണ് ഇരുവരുടെയും പുതിയ ജാമ്യാപേക്ഷകളെന്ന് പൊലീസ് വാദിച്ചു. കേസിൽ സംരക്ഷിത സാക്ഷികളെ വിസ്തരിച്ചതിന് ശേഷമോ അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷമോ മാത്രമേ വീണ്ടും ജാമ്യം തേടാവൂ എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിബന്ധനകൾ പാലിക്കാതെ സമർപ്പിച്ച ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

മറ്റ് കേസുകളിലെ വിധികൾ ഉദ്ധരിച്ച് സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് കാണിച്ച് ജാമ്യം നേടാനാണ് പ്രതികൾ ശ്രമിക്കുന്നത്. എന്നാൽ യുഎപിഎ സെക്ഷൻ 43D(5) പ്രകാരമുള്ള ജാമ്യവിലക്കുകൾ ഇവർക്ക് ഇപ്പോഴും ബാധകമാണെന്നും, വിചാരണ വൈകുന്നു എന്നത് ഭീകരവിരുദ്ധ നിയമങ്ങൾക്ക് കീഴിലുള്ള കേസുകളിൽ ജാമ്യം ലഭിക്കാനുള്ള അവകാശമല്ലെന്നും പൊലീസ് സത്യവാങ്മൂലത്തിൽ ആവർത്തിച്ചു. ജസ്റ്റിസ് പ്രതിഭാ എം. സിംഗ്, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന വിദ്യാർഥി-ജനകീയ പ്രക്ഷോഭങ്ങളാണ് ഈ നിയമപോരാട്ടങ്ങളുടെ തുടക്കം. ഷഹീൻ ബാഗ്, ജാമിയ മില്ലിയ ഇസ്ലാമിയ, ജെഎൻയു തുടങ്ങിയ കേന്ദ്രങ്ങളെ മുൻനിർത്തി നടന്ന ഈ പ്രതിഷേധങ്ങളുടെ മുന്നണിയിൽ ഗവേഷണ വിദ്യാർഥികളായ ഷർജീൽ ഇമാമും ഉമർ ഖാലിദും സജീവമായിരുന്നു. തുടർന്ന് 2020 ഫെബ്രുവരിയിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

രാജ്യത്തെയും സർക്കാരിനെയും അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വലിയ ഗൂഢാലോചനയാണ് ഈ കലാപത്തിന് പിന്നിലെന്നാരോപിച്ച് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ എഫ്ഐആർ 59/2020 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ പ്രസംഗങ്ങളും റോഡ് ഉപരോധ (ചക്കാ ജാം) ആഹ്വാനങ്ങളുമാണ് അക്രമങ്ങൾക്ക് വഴിമരുന്നിട്ടതെന്ന് ചൂണ്ടിക്കാട്ടി ഭീകരവിരുദ്ധ നിയമമായ യുഎപിഎ ചുമത്തി 2020-ൽ ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ വിചാരണ നടപടികൾ ആരംഭിക്കാത്തതും കുറ്റപത്രങ്ങൾ വിപുലമായി നീളുന്നതും രാജ്യത്തെ വിചാരണാ തടവിനെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചുമുള്ള വലിയ രാഷ്ട്രീയ-നിയമ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Activists Umar Khalid and Sharjeel Imam representing Delhi riots case bail proceedings in High Court.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.