ഒമ്പതു കേസുകളിലും ജാമ്യം; തുക കെട്ടിവെക്കാൻ ഇല്ലാത്തതിനാൽ നൂർ മുഹമ്മദ് ജയിലിൽ തന്നെ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ പൊലീസ് പ്രതിചേർത്ത സോണിയ വിഹാർ സ്വദേശി നൂർ മുഹമ്മദ് എന്ന 30കാരൻ തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലും ജാമ്യം ലഭിച്ചിട്ടും തുക കെട്ടിവെക്കാൻ ഇല്ലാത്തതിനാൽ ജയിലിൽതന്നെ കഴിയുന്നു. സംഘം ചേർന്ന് കലാപമുണ്ടാക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തു എന്നായിരുന്നു നൂർ മുഹമ്മദിനെതിരെയുള്ള കേസ്.
എന്നാൽ, പൊലീസ് ചുമത്തിയ കേസുകളിൽ നൂർ മുഹമ്മദിെൻറ പേരു മാത്രമേ ഉള്ളൂവെന്നും ഒറ്റക്ക് സംഘം ചേരാനാവില്ലെന്നും ചൂണ്ടിക്കാട്ടി അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് യാദവ് ഒക്ടോബർ അഞ്ചിന് ജാമ്യം അനുവദിച്ചു.
എട്ടു കേസുകളിൽ 20,000 രൂപ വീതവും ഒരു കേസിൽ 15,000 രൂപയുമടക്കം 1,75,000 രൂപയാണ് ജാമ്യത്തിനായി കെട്ടിവെക്കേണ്ടത്. എന്നാൽ, 22 കാരിയായ ഭാര്യ ഫാത്തിമ ബീഗത്തിന് ഇത്രയും പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല. അറസ്റ്റിലായതിന് ശേഷം ഫാത്തിമ ബീഗത്തിന് നൂർ മുഹമ്മദിെന കാണാനോ ഫോൺ വഴി സംസാരിക്കാനോ സാധിച്ചിട്ടില്ല.
പ്രണയ വിവാഹം ആയതിനാൽ ബന്ധുക്കളുടെ സഹായവും ഇവർക്ക് ലഭിക്കുന്നില്ല. കട നശിപ്പിച്ചുവെന്ന് ആരോപിച്ച് മാർച്ച് 31നാണ് നൂർ മുഹമ്മദിനെ പ്രതിചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിറകെ എട്ടു കേസുകൾകൂടി ഇയാളുടെ പേരിൽ ചുമത്തുകയായിരുന്നുവെന്ന് അഭിഭാഷകൻ അക്തർ ശമീം പറഞ്ഞു.
ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ വംശീയാതിക്രമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.