ബഗൽകോട്ട്, ദാവൻഗരെ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചതിനെത്തുടർന്ന് പാർട്ടി എം.എൽ.എ റിസ്വാൻ അർഷാദ്, ലെജിസ്ലേറ്റീവ് കൗൺസിൽ ചീഫ് വിപ്പ് സലീം അഹമ്മദ് എന്നിവർ സിദ്ധരാമയ്യയെ സന്ദര്‍ശിച്ചപ്പോള്‍
ബംഗളൂരു: ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായ ഉമേഷ് മേട്ടിക്ക് ബഗൽകോട്ടിലും സമർത് ഷാമനൂറിന് ദാവന്‍ഗരെ സൗത്തിലും മികച്ച വിജയം. അന്തരിച്ച എം.എൽ.എ എച്ച്.വൈ. മേട്ടിയുടെ മകൻ ഉമേഷ് ഹല്ലപ്പ മേട്ടി ആകെ 98,919 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർത്ഥി വീരണ്ണ ചരന്തിമഠിനെ 22,332 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
കോൺഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മികച്ച വിജയം കൊയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെണ്ണൽ പ്രക്രിയയുടെ തുടക്കം മുതൽ ഉമേഷ് ഹല്ലപ്പ മേട്ടി ലീഡ് നിലനിർത്തിയിരുന്നു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമേഷിന്‍റെ പിതാവായ എച്ച്.വൈ. മേട്ടി ബി.ജെ.പി സ്ഥാനാർത്ഥി ചരന്തിമഠിനെ പരാജയപ്പെടുത്തിയിരുന്നു. 2018 ൽ ചരന്തിമഠ് വിജയിച്ചു. 2023-ൽ മേട്ടി സീറ്റ് തിരിച്ചു പിടിച്ചു. കഴിഞ്ഞ വർഷം നവംബർ നാലിനാണ് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം എച്ച്.വൈ. മേട്ടി അന്തരിച്ചത്.
തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായിത്തീര്‍ന്നു. ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയും തമ്മിൽ കടുത്ത മത്സരം നടന്ന മണ്ഡലമായ ദാവന്‍ഗരെ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സമർത് ഷാമനുർ 5,708 ന്‍റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥയായ ബി.ജെ.പിയുടെ ശ്രീനിവാസ് ദാസകരിയപ്പയെ തോല്‍പ്പിച്ചത്. കോണ്‍ ഗ്രസ് സ്ഥാനാര്‍ഥി 69,578 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി 63,870 വോട്ടും നേടി. സിറ്റിങ് എം.എൽ.എയായ ഷാമനുരു ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായ അഫ്സര്‍ കൊടിലിപേട്ടെ 18975 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. സിദ്ധരാമയ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുകയും വിജയം ഉറപ്പാക്കാൻ നിരവധി മന്ത്രിമാരെയും മുതിർന്ന നേതാക്കളെയും അണിനിരത്തുകയും ചെയ്തു. സ്ത്രീകളുടെയും ഗ്രാമീണരുടെയും പിന്തുണയാണ് വോട്ട് വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകം നിയോഗിക്കപ്പെട്ട പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ തന്ത്രപരമായ നീക്കവും വോട്ട് ബാങ്കുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കി.
ബാഗൽകോട്ട്, ദാവന്‍ഗരെ നിയമസഭാ മണ്ഡലങ്ങളിൽ വോട്ട് ചെയ്ത് കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി പറയുന്നുവെന്നും ഇത് കോണ്‍ ഗ്രസ് സർക്കാറിന്‍റെ നേട്ടങ്ങൾക്കും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും ലഭിച്ച വിജയമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ അപവാദപ്രചരണങ്ങളും പണം ഉപയോഗിച്ചുള്ള സ്വാധീനവും വകവെക്കാതെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാർ കോൺഗ്രസിലും സർക്കാറിലും വിശ്വാസമർപ്പിച്ചാണ് വോട്ട് ചെയ്തത്. അതിനാല്‍ രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാര്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അര്‍പ്പിച്ച വിശ്വാസം നിലനിർത്തുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ വിശ്വസം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.