ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗവർണറായി ബേബി റാണി മൗര്യ സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലികൊടുത്തു.
മുൻ ഗവർണർ ഡോ. കൃഷ്ണ കാന്ത് പോളിന്‍റെ പിൻഗാമിയായാണ് റാണി മൗര്യയുടെ നിയമനം. ഉത്തരാഖണ്ഡിന്‍റെ ഏഴാമത്തെയും വനിതകളിൽ രണ്ടാമത്തെയും ഗവർണറാണ് ഇവർ. സംസ്ഥാനത്തിന്‍റെ നാലാം ഗവർണർ ആയിരുന്ന മാർഗരറ്റ് ആൽവയാണ് ഈ പദവി വഹിച്ച ആദ്യ വനിത.
ദേവഭൂമിയിൽ സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബേബി റാണി മൗര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വനിതാ ശാക്തീകരണം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കാണ് മുഖ്യ പരിഗണന നൽകുകയെന്നും ഗവർണർ വ്യക്തമാക്കി.
ഉത്തർപ്രദേശ് സ്വദേശിയും പട്ടികജാതി വിഭാഗക്കാരിയുമായ റാണി മൗര്യ, 1995ൽ ആഗ്രാ മേയർ ആയിരുന്നു. മേയർ പദവിയിൽ കാലാവധി പൂർത്തിയാക്കിയ ശേഷം സജീവ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. പി.എൻ.ബി മുൻ ഡയറക്ടർ പ്രദീപ് കുമാർ മൗര്യയാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.