കൈവിട്ട കണ്‍മണിയെ തിരികെക്കിട്ടി; നന്ദി ചൊല്ലാന്‍ വാക്കുകളില്ലാതെ ഇന്ദു

ചെന്നൈ: ഇരു കൈകളും കൂപ്പി  ജോര്‍ജി ജോര്‍ജ് എന്ന മലയാളി പൊലീസ് ഉദ്യോഗസ്ഥന് നന്ദി പറഞ്ഞപ്പോള്‍ ഇന്ദുവിന്‍െറ മാറില്‍ പറ്റിച്ചേര്‍ന്ന് ആ പിഞ്ചുകുഞ്ഞുണ്ടായിരുന്നു. പേറ്റുനോവിന്‍െറ ചൂടണയുംമുമ്പ് ആശുപത്രി കിടക്കയില്‍നിന്ന് ആരോ അപഹരിച്ചുകൊണ്ടു കടന്നുകളഞ്ഞ പിഞ്ചു മകന്‍. ജീവന്‍െറ ജീവനായ മകനെ തിരികെക്കിട്ടിയ ഈ നിമിഷത്തിന് എത്ര നന്ദിപറഞ്ഞാലും തീരില്ല ഇന്ദുവിനും ഭര്‍ത്താവ് വെങ്കിടേശനും. ഈ മാസം 24നായിരുന്നു സേലം നഗരത്തിലെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാജപാളയം സ്വദേശിയായ ഇന്ദു എന്ന 23കാരി സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹായത്തിന് ഇന്ദുവിന്‍െറ മാതാവ് ലക്ഷ്മിയും ഉണ്ടായിരുന്നു. 26ന് ഉച്ച കഴിഞ്ഞ നേരം, ബാത്ത്റൂമില്‍ പോയി തിരികെവന്ന ഇന്ദു കണ്ടത് ശൂന്യമായ കിടക്കയായിരുന്നു. ഈ സമയം, കുഞ്ഞിന്‍െറ തുണികള്‍ വൃത്തിയാക്കാന്‍ ലക്ഷ്മിയും പുറത്തുപോയിരുന്നു.

ആശുപത്രി അധികൃതരും പൊലീസും സമീപത്തെല്ലാം അരിച്ചുപെറുക്കിയിട്ടും കുഞ്ഞിനെ കണ്ടത്തൊനായില്ല. തുടര്‍ന്ന്, സേലം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറും കോട്ടയം രാമപുരം സ്വദേശിയുമായ ജോര്‍ജി ജോര്‍ജിന്‍െറ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ചു. ആശുപത്രിയിലെയും സമീപ റോഡുകളിലെയും രഹസ്യകാമറകള്‍ പരിശോധിച്ചു. കുട്ടിയെ ഒരു സ്ത്രീ എടുത്തുകൊണ്ടുപോകുന്നതിന്‍െറ തെളിവുകള്‍ കിട്ടിയത് വഴിത്തിരിവായി.
ചിത്രത്തില്‍ പതിഞ്ഞ സ്ത്രീയെ ഇന്ദുവും തിരിച്ചറിഞ്ഞു. ഇവര്‍ രണ്ടുദിവസമായി പ്രസവവാര്‍ഡില്‍ ചുറ്റിപ്പറ്റി നടക്കുന്നത് ഇന്ദു ശ്രദ്ധിച്ചിരുന്നു. കുഞ്ഞിന് ചികിത്സ തേടിയത്തെിയാല്‍ അറിയിക്കാന്‍ സമീപത്തെ മൂന്ന് ജില്ലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പൊലീസ് വിവരം നല്‍കി. മാധ്യമങ്ങളിലൂടെയും വ്യാപക പ്രചാരണം കൊടുത്തു.

ഒടുവില്‍ ധര്‍മപുരി ജില്ലയിലെ പാലക്കോട്ടെ ഒരു വീട്ടില്‍നിന്നും കുഞ്ഞിനെ കണ്ടത്തെുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനാലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് അറസ്റ്റിലായ സ്ത്രീ സമ്മതിച്ചു. ഇതിനായി ഒമ്പതുമാസം ഗര്‍ഭിണിയായി അഭിനയിക്കുകയും സ്വന്തം വീട്ടിലേക്ക് പ്രസവിക്കാനെന്ന വ്യാജേന എത്തുകയുമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഏതെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കാന്‍ ഇവര്‍ മുന്‍കൂട്ടി തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം കുഞ്ഞുമായി ആശുപത്രിയിലത്തെിയ ജോര്‍ജി ജോര്‍ജും സംഘവും പിഞ്ചോമനയെ അമ്മക്ക് കൈമാറി. ഈറനണിഞ്ഞ കണ്ണുകളോടെ വിതുമ്പുന്നതിനിടെ ‘നന്‍ട്രി’ എന്ന വാക്ക് ഉച്ചരിക്കാന്‍ ആ അമ്മ വിഷമിച്ചു. സമീപത്ത് നിന്നവര്‍ സന്തോഷത്തോടെ കൈയടിച്ചപ്പോള്‍ തന്‍െറ പിഞ്ചോമനയെ അവര്‍ മാറോടണച്ചു.

Tags:    
News Summary - baby missing news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.