ബാബരി ഗൂഢാലോചന കേസ്: വിചാരണ നേരിടാൻ തയാറെന്ന് അദ്വാനി

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് വിചാരണ നേരിടാൻ തയാറാണെന്ന് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവർ സുപ്രീംകോടതിയെ അറിയിച്ചു. ബി.ജെ.പി നേതാക്കൾക്കെതിരായ ഗൂഢാലോചന കേസിൽ വിചാരണ ആരംഭിക്കണമെന്ന് സി.ബി.ഐ നേരത്തെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ  വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

കേസിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റായ് ബറേലി കോടതി 57 സാക്ഷികളെ വിസ്തരിക്കുകയും 100ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ലക്നോ കോടതി 195 സാക്ഷികളെ വിസ്തരിക്കുകയും 300ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ, സാങ്കേതിക കാരണങ്ങളുടെ പേരില്‍ പ്രതികളായ 21 പേർക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന കുറ്റം കീഴ് കോടതി ഒഴിവാക്കിയതായും സി.ബി.ഐ സുപ്രീംകോടതിയിൽ വാദിച്ചു.

ബാബരി മസ്ജിദ് പൊളിച്ച ക്രിമിനല്‍ ഗൂഢാലോചന കേസില്‍ നിന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാർച്ച് ആറിന് വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. കൂടാതെ ക്രിമിനല്‍ ഗൂഢാലോചനക്ക് പ്രതികളായി ഉള്‍പ്പെടുത്തിയിരുന്ന 13 പേര്‍ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

1992 ഡിസംബര്‍ ആറിനാണ് മുതിർന്ന ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി, വിനയ് കത്യാർ അശോക് സിംഗാൾ, സാധ്വി ഋതംബര, വി.എച്ച് ദാൽമിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോർ, ആർ.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എൽ ശർമ, നൃത്യഗോപാൽ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് പ്രധാന പ്രതികൾ. മരണപ്പെട്ടതിനെ തുടർന്ന് ശിവസേന നേതാവ് ബാൽ താക്കറയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Babri Case: Advani, Joshi Ready to Face Conspiracy Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.