ബ്രിജ് ഭൂഷൺ സിങ് 

'പോക്സോ നിയമം ഭേദഗതി ചെയ്യണം'; ബ്രിജ്ഭൂഷനെ പിന്തുണച്ച് അയോധ്യയിലെ സന്യാസിമാർ

ലഖ്നോ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ പിന്തുണച്ച് അയോധ്യയിലെ സന്യാസിമാർ. പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും സന്യാസിമാർ തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ബ്രിജ് ഭൂഷനെ വേട്ടയാടുകയാണെന്ന് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമൽ നാരായൺ ദാസ് പറഞ്ഞു. നിരപരാധികളെ പോക്സോ നിയമം ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണ്. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്, പ്രത്യേകിച്ചും സന്യാസിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെ. ബ്രിജ് ഭൂഷൺ ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് -കമൽ നാരായൺ ദാസ് പറഞ്ഞു. 

പോക്സോ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥ പാർക്കിൽ ജൂൺ അഞ്ചിന് സന്യാസിമാർ റാലി നടത്തും. മുൻ ജഡ്ജിമാരും നിയമവിദഗ്ധരും ഉൾപ്പെടെ പങ്കെടുക്കും. വരാണസി, മഥുര, വൃന്ദാവൻ, ഹരിദ്വാർ എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാരും പങ്കെടുക്കുമെന്ന് കമൽ നാരായൺ ദാസ് പറഞ്ഞു.


അതേസമയം, ബ്രിജ് ഭൂഷണെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളുന്നയിച്ച ഗുസ്തി താരങ്ങൾ സമരം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ലൈംഗികാതിക്രമ പരാതി നൽകിയിട്ടും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. സമരം ചെയ്യുന്ന താരങ്ങൾ, മെഡലുകള്‍ക്ക് വിലയില്ലാതായെന്നും അവ ഗംഗയിൽ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ച് ഇന്നലെ വൈകീട്ട് ഹരിദ്വാറിൽ ഗംഗാതീരത്ത് എത്തിയിരുന്നു. മെഡലുകൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞതിന് ശേഷം ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങവെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ കർഷക നേതാക്കൾ എത്തി മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. പ്രശ്നപരിഹാരത്തിന് അഞ്ചു ദിവസത്തെ സമയം നൽകണമെന്ന കർഷക നേതാക്കളുടെ അഭ്യർഥന താരങ്ങൾ അംഗീകരിക്കുകയായിരുന്നു. 

Tags:    
News Summary - Ayodhya seers back Brij Bhushan, seek amendment to Pocso Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT