ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലക്ക് കനത്ത ആഘാതമാണ് കോവിഡ് വരുത്തിവെച്ചത്. ഒരു വര്‍ഷത്തിലേറെയായി രാജ്യത്തെ സ്‌കൂളുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പുതിയ പഠനരീതിയായി മാറുന്നതിനാണ് ഇന്ന് സാക്ഷ്യംവഹിക്കുന്നത്.
സ്‌കൂളുകള്‍ എപ്പോള്‍ തുറക്കാനാകുമെന്ന ചോദ്യത്തിന് വാക്‌സിന്‍ ലഭ്യമാകണമെന്ന മറുപടിയാണ് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ യാഥാര്‍ഥ്യമാകുന്നത് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വീടിനു പുറത്തുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തിരിച്ചുവരാനും കുട്ടികളുടെ വാക്‌സിന്‍ യാഥാര്‍ഥ്യമാകണം.
രണ്ട് മുതല്‍ 18 വയസ് വരെ പ്രായക്കാര്‍ക്കായുള്ള കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളുടെ ഫലം സെപ്റ്റംബറോടെ ലഭിക്കുമെന്ന് ഡോ. ഗുലേറിയ പറഞ്ഞു. കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്‌സിന്‍ അതിന് മുമ്പ് ലഭ്യമാകുകയാണെങ്കില്‍ അതും ഉപയോഗിക്കാനാകും. സൈഡസ് കാഡില്ല വാക്‌സിന്റെയും പരീക്ഷണങ്ങള്‍ നടക്കുകയാണെന്ന് അദ്ദഹം വ്യക്തമാക്കി.
മഹാമാരിയില്‍ നിന്ന് രക്ഷനേടാനുള്ള ഒരേയൊരു മാര്‍ഗം വാക്‌സിന്‍ മാത്രമാണ്. സ്‌കൂളുകള്‍ തുറക്കുന്നതിലേക്ക് വഴിയൊരുക്കുന്നതും വാക്‌സിനേഷനാണ് -ഡോ. ഗുലേറിയ വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിവരുന്നത്. കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ നിര്‍മാണം പരീക്ഷണ ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.