ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിനായി സ്വകാര്യ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നത് സംബന്ധിച്ച് എതിർപ്പുകൾ നിലനിൽക്കെ പട്ടിക അന്തിമമാക്കാൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ. അംഗീകൃത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനങ്ങളുടെ പട്ടിക രണ്ടാഴ്ചക്കകം അന്തിമമാക്കുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നത് ആദ്യമായാണ്. നേരത്തേ ഓഫിസേഴ്സ് അസോസിയേഷനും സി.പി.എമ്മും എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
നിലവിൽ, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിന്റെ (ഐ.എ.എ.ഡി) ഉദ്യോഗസ്ഥരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റുകൾ നടത്തുന്നത്. 2025 ജൂലൈമുതൽ 2027 മാർച്ച് വരെ കാലയളവിലേക്ക് തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ മേയ് 27നാണ് സി.എ.ജി, ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ) സ്ഥാപനങ്ങളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചത്.
സ്ഥാപനത്തിന്റെ സാങ്കേതിക പരിമിതികളടക്കം വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജി തീരുമാനം. ജൂൺ അഞ്ചായിരുന്നു സ്ഥാപനങ്ങൾക്ക് താൽപര്യപത്രം നൽകാനുള്ള അവസാന തീയതി. നേരത്തേ, തദ്ദേശസ്ഥാപനങ്ങളിൽ ഓഡിറ്റ് നടപടികൾ വൈകുന്നതുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതി സി.എ.ജിയെ വിമർശിച്ചിരുന്നു. ആദ്യഘട്ടമെന്നോണം, 30 നഗരങ്ങളെ ഇത്തരത്തിൽ ഓഡിറ്റിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.