അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണം: തൃണമൂൽ നിയമസഭ കക്ഷി യോഗത്തിൽനിന്ന് 60 എം.എൽ.എമാർ വിട്ടുനിന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വസതിയിൽ വിളിച്ചുചേർത്ത പുതിയ നിയമസഭ കക്ഷി യോഗം പരാജയം. ആകെ തെരഞ്ഞെടുക്കപ്പെട്ട 80 എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് യോഗത്തിനെത്തിയത്.

മുക്കാൽ ഭാഗത്തോളം ജനപ്രതിനിധികൾ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ പ്രാദേശികമായി സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായതിനാലാണ് ഭൂരിഭാഗം എം.എൽ.എമാർക്കും എത്താൻ കഴിയാതിരുന്നതെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം.

അഭിഷേക് ബാനർജിക്കും കല്യാൺ ബാനർജിക്ക് നേരെയും ഉണ്ടായ അക്രമങ്ങളെ തുടർന്നാണ് യോഗം മാറ്റിവെക്കേണ്ടി വന്നതെന്ന് ടി.എം.സി വക്താവ് കുനാൽ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ വരും മണിക്കൂറുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച യോഗമായിരുന്നിട്ടും അടിയന്തര സാഹചര്യങ്ങൾ കാരണമാണ് പലർക്കും എത്താൻ കഴിയാതിരുന്നതെന്ന് കുനാൽ ഘോഷ് വ്യക്തമാക്കി. പലയിടങ്ങളിലും പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് നടപടികളുണ്ടായിട്ടും, അറസ്റ്റിലായ പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനും പ്രാദേശികമായി ക്രമസമാധാനം ഉറപ്പാക്കുന്നതിനും എം.എൽ.എമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ തുടരേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗം മാറ്റിവെക്കാൻ എം.എൽ.എമാർ തന്നെയായിരുന്നു ആവശ്യപ്പെട്ടത്.

നിശ്ചിത സമയമായ ഉച്ചക്ക് മൂന്നിന് 20 എം.എൽ.എമാർ കാളിഘട്ടിലെ മമതയുടെ വസതിയിൽ എത്തിയിരുന്നു. യോഗം ഔദ്യോഗികമായി റദ്ദാക്കിയെങ്കിലും എത്തിയവരുമായി മമത ബാനർജി ചർച്ചകൾ നടത്തുകയായിരുന്നു.

Tags:    
News Summary - Attack on Abhishek Banerjee: 60 MLAs abstain from Trinamool Legislative Party meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.