ഗോദാവരി പഞ്ചസാര ഫാക്ടറിക്ക് സമീപം കർഷകർ നടത്തിയ പ്രതിഷേധം (ഫയൽ ചിത്രം)
ബംഗളൂരു: കരിമ്പിന് താങ്ങുവില ആവശ്യപ്പെട്ട് ഗോദാവരി പഞ്ചസാര ഫാക്ടറിക്ക് സമീപം കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ആക്രമണം നടത്തിയ 17 പേരെ മഹാലിംഗപൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വിഡിയോ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ മുധോൾ, റബ് കവിബനഹട്ടി താലൂക്കുകളിലെ വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. ഇവർ കര്‍ഷകരല്ലെന്നും കുറ്റം സമ്മതിച്ചതായും ബാഗൽകോട്ട് എസ്.പി സിദ്ധാർഥ് ഗോയൽ പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് കരിമ്പിന് താങ്ങുവില ആവശ്യപ്പെട്ട് ഗോദാവരി പഞ്ചസാര ഫാക്ടറിക്ക് സമീപം കർഷകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി മാറിയത്.
ഫാക്ടറി ഉടമകൾ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സംഭവത്തിനിടെ കല്ലെറിയുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അഞ്ചിലധികം ബൈക്കുകൾ കത്തിനശിച്ചു. ഫാക്ടറി പരിസരത്ത് നിർത്തിയിട്ട 40ഓളം ട്രാക്ടറുകളിൽ ആക്രമികൾ ഡീസൽ ഒഴിച്ച് തീയിട്ടു. ലക്ഷക്കണക്കിന് രൂപയുടെ കരിമ്പ് കത്തിനശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.