ന്യൂഡൽഹി: കൽക്കാജി നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ആം ആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്ത് ആഘോഷിച്ചതിനെതിരെ വ്യാപക വിമർശനം. എ.എ.പിയിലെ ഒന്നാമൻ അരവിന്ദ് കെജ്രിവാളും രണ്ടാമൻ മനിഷ് സിസോദിയയും അടക്കം നിരവധി നേതാക്കൾ കനത്ത പരാജയം നേരിട്ട സമയത്ത് വ്യക്തിഗത വിജയം അതിഷി ആഘോഷിച്ചതാണ് വിമർശനത്തിന് വഴിവെച്ചത്.
അതിഷി വാഹനത്തിന് മുകളിൽ നിന്ന് പ്രവർത്തകർക്കൊപ്പം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എ.എ.പി രാജ്യസഭാംഗം സ്വാതി മലിവാളാണ് അതിഷിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ‘എന്തൊരു നാണംകെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി മർലീന ഇങ്ങനെ ആഘോഷിക്കുകയാണ്’ -സ്വാതി മലിവാൾ എക്സിൽ കുറിച്ചു.
അതേസമയം, കൽക്കാജിയിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അതിഷി തന്‍റെ പ്രചാരണ ടീമിന് നന്ദി പറഞ്ഞു. 'തന്നിൽ അർപ്പിച്ച വിശ്വാസത്തിന് കൽക്കാജിയിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ബാഹുബലിക്കെതിരെ പ്രവർത്തിച്ച ടീമിനെ അഭിനന്ദിക്കുന്നു. ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ഞാൻ വിജയിച്ചു, പക്ഷേ ഇത് ആഘോഷിക്കാനുള്ള സമയമല്ല, ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തിനും ഗുണ്ടായിസത്തിനും എതിരായ പോരാട്ടം തുടരേണ്ട സമയമാണ്' -അതിഷി വ്യക്തമാക്കി.
വാശിയേറിയ തെരഞ്ഞെടുപ്പിൽ ആം ആദ്മിയും മുതിർന്ന നേതാക്കളായ കെജ്രിവാൾ, സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക് അടക്കമുള്ളവർ കനത്ത തോൽവി നേരിട്ടപ്പോൾ അതിഷി മാത്രമാണ് വിജയിച്ചത്. ബി.ജെ.പിയുടെ രമേഷ് ബിദൂരിയെ 3,521 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ അതിഷി 52,154 വോട്ട് നേടി.
തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ എ.എ.പിക്ക് 70 അംഗ നിയമസഭയിൽ 28 സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ. എന്നാൽ, 48 സീറ്റ് പിടിച്ച ബി.ജെ.പി 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.