അതിഷി
ന്യൂഡൽഹി; മഹിളാ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട് ഡൽഹി പ്രതിപക്ഷ നേതാവായ അതിഷിയും ആം ആദ്മി എം.എൽ.എമാരുമുൾപ്പെടെയുള്ള പ്രവർത്തകർ ബി.ജെ.പി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അതിഷി പറഞ്ഞു. 'ഞങ്ങൾ പ്രതിഷേധിക്കുന്നില്ല, കാത്തിരിക്കുകയാണ്. ഡൽഹിയിലെ എല്ലാ സ്ത്രീകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡുവായ 2500 രൂപ ക്രെഡിറ്റ് ചെയ്യുമെന്നും അത് തന്റെ ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞിരുന്നു. നാല് ദിവസം ബാക്കിയുണ്ട്. അതിനാൽ ഞങ്ങൾ കാത്തിരിക്കുകയാണ്.' അതിഷി പറഞ്ഞു.
ഫണ്ട് വിതരണം വൈകുന്നതിനെ ചോദ്യം ചെയ്ത് എ.എ.പി നേതാവ് കുൽദീപ് കുമാറും രംഗത്തെത്തി. മാർച്ച് എട്ടിന് മുമ്പ് പ്രതിജ്ഞാബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
'മാർച്ച് എട്ടിന് നാല് ദിവസം മാത്രം ശേഷിക്കെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത 2,500 രൂപ എപ്പോൾ ലഭിക്കുമെന്ന ചോദ്യം ഡൽഹിയിലെ സ്ത്രീകൾ ഉന്നയിക്കുന്നു. ഈ വാഗ്ദാനമെങ്കിലും നിറവേറ്റണമെന്നും പൂർത്തീകരിക്കാത്ത ഗ്യാരണ്ടിയായി മാറാൻ അനുവദിക്കരുതെന്നും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. മോദിയുടെ ഉറപ്പ് പാലിക്കപ്പെടുന്നുണ്ടെന്നും ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'. അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ബി.ജെ.പി സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടില്ലെന്നും ഡൽഹിയിലെ സ്ത്രീകളുടെ അക്കൗണ്ടുകളോ വിവരങ്ങളോ എടുത്തിട്ടില്ലെന്നും വ്യക്തമാണ്. പിന്നെ എങ്ങനെയാണ് 2,500 രൂപ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതെന്നും കുൽദീപ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.