അതീഖ് വധം: തിരക്കഥയുടെ ഭാഗമെന്ന് തേജസ്വി; വിമർശിച്ച് നിതീഷ് കുമാറും

പട്ന: എസ്.പി നേതാവും മുൻ എം.പിയുമായ അതീഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും പൊലീസ് വലയത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിനെതിരേ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും. സംഭവം ക്രമസമാധന തകർച്ചയാണെന്ന് ആരോപിച്ച നിതീഷ്കുമാർ കുറ്റവാളികളെ വധിക്കുന്നത് ഒരിക്കലും പരിഹാരമല്ലെന്നും അവർ കൊല്ലപ്പെട്ട രീതി തന്നെ അസ്വസ്ഥനാക്കിയെന്നും പറഞ്ഞു.

കൊലപാതകം തിരക്കഥയുടെ ഭാഗമായി നടപ്പാക്കിയതാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. കുറ്റകൃത്യം ഇല്ലാതാക്കുക എന്നാൽ കുറ്റവാളികളെ കൊലപ്പെടുത്തൽ അല്ലെന്നും നീതി നടപ്പാക്കാൻ ഇവിടെ കോടതികളുണ്ടെന്നു അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി രാജീവ് ഗാന്ധി വധം പോലും കോടതിയിൽ വിചാരണ ചെയ്തിട്ടുണ്ട്. അതീഖ് അഹമ്ദിന്‍റെ ശവസംസ്കാരമല്ല ഇവിടെ നടന്നത്. മറിച്ച് ക്രമസമാധാനത്തിന്‍റെ ശവസംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതൽ കസ്റ്റഡി കേസുകൾ ഉത്തർപ്രദേശിലാണ്. സംസ്ഥാനത്ത് എന്ത് ഭരണമാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരമൊരു സംഭവം നടക്കുകയാണെങ്കിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ സജീവമാകുമായിരുന്നു. സ്വമേധയാ നടപടിയെക്കുമായിരുന്നു. എന്നാൽ ഇവിടെ ഇപ്പോൾ ഒന്നും നടന്നില്ല- തേജസ്വി പറഞ്ഞു.

സംഭവത്തിൽ നേരത്തെയും പല രാഷ്ട്രീയ നേതാക്കളും യു.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 

Tags:    
News Summary - Atiq Ahmed's Killing, Tejashwi Yadav's "Scripted" Jab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.