യാത്രയായത് ബി.ജെ.പിയുടെ ഉദാരമുഖം. താത്ത്വികമായി പിതാമഹൻ. ഭരണത്തിൽ വികസന പുരുഷൻ. അടൽ ബിഹാരി വാജ്പേയിക്ക് പ്രതിയോഗികൾപോലും കൽപിച്ചുനൽകിയ പ്രതിച്ഛായയിലാണ് ബി.ജെ.പി കേന്ദ്രഭരണം പിടിക്കാനുള്ള രാഷ്ട്രീയ സാധ്യതകൾ കെട്ടിപ്പൊക്കിയത്. ആർ.എസ്.എസിെൻറ ശക്തമായ പിന്നാമ്പുറ പിന്തുണയും വർഗീയത മുതലാക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പിക്ക് എക്കാലവുമുണ്ട്. എന്നാൽ, മതേതര ജനാധിപത്യ ഇന്ത്യക്ക് സ്വന്തം രാഷ്ട്രീയം ദഹിക്കുന്ന ഒന്നാക്കി മാറ്റാൻ ബി.ജെ.പിക്ക് അത്താണിയായത് വാജ്പേയിയുടെ വാക്കും മുഖവുമായിരുന്നു.
യഥാർഥത്തിൽ വാജ്പേയിക്ക് ഇരട്ടമുഖമായിരുന്നു. സംഘ്പരിവാറിെൻറ ആശയങ്ങൾക്കൊപ്പം നടക്കുകയും മതേതര ജനാധിപത്യ പക്ഷത്തിെൻറ ചിന്താധാര അവസരോചിതം പ്രയോഗിക്കുകയും ചെയ്ത വൈരുധ്യം വാജ്പേയി എന്ന നേതാവിൽ എക്കാലവും തെളിഞ്ഞുകിടന്നു. അടിയുറച്ച സംഘ്പരിവാർ പ്രവർത്തകനാണ്. അതിനിടയിലും സഖ്യകക്ഷികൾക്ക് സ്വീകാര്യനായ നേതാവായി മാറാൻ സാധിച്ചു. ആർ.എസ്.എസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നാമ്പുറ റോൾ മാത്രമുണ്ടായിരുന്ന കാലത്ത് സ്വന്തം അജണ്ട മുന്നോട്ടുനീക്കാൻ പറ്റിയ നേതാവായി വാജ്പേയിയെ മാറ്റിയത് കവിതാത്മകമായ വാക്കുകളും ഭാവന തുളുമ്പിനിന്ന നയതന്ത്രവുമായിരുന്നു. അതിലൂടെ സ്വന്തം പ്രതിച്ഛായ നിർമിക്കുകയും രാഷ്ട്രീയത്തിൽ മറ്റു സഹയാത്രികരെ സമ്പാദിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമരത്തിലൂടെ നേടിയ ഒരുമയുടെ ചുറ്റുപാട് തകർത്ത് വർഗീയതയിലേക്ക് ഇന്ത്യയെ വഴിനടത്തുന്നതിൽ വാജ്പേയിക്കും എൽ.കെ. അദ്വാനിക്കുമുള്ള പങ്ക് ചരിത്രത്തിൽ മായാതെ കിടക്കും. ബാബരി മസ്ജിദ് വിഷയം തീക്കാറ്റായി മാറ്റി പ്രേയാജനപ്പെടുത്താൻ ഹിന്ദുത്വശക്തികൾ മുന്നിൽ നിർത്തിയത് വാജ്പേയിയെയാണ്. സംഘ്പരിവാറിെൻറ മനസ്സും ശരീരവുമായ അദ്വാനി ആ നേതാവിെൻറ നിഴൽപറ്റി നിന്നു. 13 ദിവസവും 13 മാസവും പിെന്ന നാലരക്കൊല്ലവും ഭരിക്കുംവിധം ഇന്ത്യൻ രാഷ്ട്രീയം പരുവപ്പെട്ടത് വാജ്പേയിയുടെ കെട്ടിപ്പൊക്കിയ പ്രതിച്ഛായയും കോൺഗ്രസ് വിരുദ്ധരെ പ്രയോജനപ്പെടുത്തി ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ സഖ്യവുംകൊണ്ടാണ്.
വർഗീയതയുടെ ഒാരോ തീക്കാറ്റിലും വാജ്പേയിയെ സംഘ്പരിവാർ സമർഥമായി കളത്തിലിറക്കി. സംഘ്പരിവാറിെൻറ നിത്യതടവുകാരനായാണ് രാഷ്ട്രീയത്തിലും അധികാരത്തിലും പ്രവർത്തിച്ചത്. അയോധ്യ പ്രക്ഷോഭം പള്ളി പൊളിക്കുന്നതിലേക്ക് എത്തിയപ്പോൾ, വാജ്പേയിയുടെ വിലാപ വാക്കുകൾ ഹിന്ദുത്വശക്തികൾക്ക് മറയായി. ഗുജറാത്ത് കലാപത്തിൽ പ്രതിക്കൂട്ടിലായ നരേന്ദ്ര േമാദിക്ക് ‘രാജധർമം’ ഉപദേശിച്ചാണ് കേന്ദ്ര സർക്കാർ പിടിച്ചുനിന്നത്. അതും വിലാപ വാക്കു മാത്രമായി. രാജധർമം ഉപദേശിക്കാനല്ലാതെ സംഘ്പരിവാർ നിലപാടും അജണ്ടകളും തിരുത്താൻ വാജ്പേയിക്ക് കഴിഞ്ഞില്ല.
വാജ്പേയിയുടെ ഭരണമികവെന്ന പേരിൽ ദരിദ്ര ഇന്ത്യയെ ‘തിളങ്ങുന്ന ഇന്ത്യ’യായി അവതരിപ്പിച്ച് കാലാവധിക്കും ആറു മാസംമുേമ്പ ലോക്സഭ തെരഞ്ഞെടുപ്പ് നടത്തി വീണ്ടും ഭരണം പിടിക്കാനുള്ള പദ്ധതി 2004ൽ പൊളിഞ്ഞതോടെ ബി.ജെ.പിയിൽ വാജ്പേയിയുടെ റോൾ അസ്തമിച്ചു. പക്ഷേ, വിതച്ച വിഷവിത്തുകൾ ആർത്തുപടരുക തന്നെ ചെയ്തു.
വാജ്പേയിയുടെ സാന്നിധ്യംപോലും ആവശ്യമില്ലാത്തവിധം നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബി.ജെ.പി പടർന്നുകയറി. അന്നേരം എൽ.കെ. അദ്വാനി ഉദാരമുഖമായി. അദ്വാനിയെയും പിന്തള്ളിക്കഴിഞ്ഞിരിക്കേ, നരേന്ദ്ര മോദി ഉദാരമുഖ നിർമാണത്തിെൻറ പണിപ്പുരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.