നിലമ്പൂരിനൊപ്പം ഇന്ന് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടത്ത് ആം ആദ്മിക്ക് വിജയം. ഗുജറാത്തിലെ വിസവദറിൽ ആം ആദ്മി സ്ഥാനാർഥി ഇട്ടാലിയ ഗോപാൽ 17,554 വോട്ടിന് വിജയിച്ചു. ഇട്ടാലിയ ഗോപാലിന് 75,942 വോട്ടും രണ്ടാമതുള്ള ബി.ജെ.പി സ്ഥാനാർഥി കിരിത് പട്ടേലിന് 58,388 വോട്ടുമാണ് ലഭിച്ചത്. വിസവദറിൽ എ.എ.പി എം.എൽ.എ ഭൂപേന്ദ്ര ഭയാനിയുടെ രാജിയെത്തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പഞ്ചാബിലെ ലുധിയാന വെസ്റ്റിൽ 10,073 വോട്ടിന് ലീഡ് ചെയ്യുന്ന ആം ആദ്മിയുടെ സഞ്ജീവ് അറോറ വിജയമുറപ്പിച്ചു. ബി.ജെ.പിയുടെ ജീവൻ ഗുപ്തയാണ് രണ്ടാമത്. ആം ആദ്മി എം.എൽ.എ ഗുർപ്രീത് ബാസി ഗോഗി അന്തരിച്ചതിനെത്തുടർന്നാണ് ലുധിയാന വെസ്റ്റിൽ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പശ്ചിമ ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ സ്ഥാനാർഥി അലിഫ അഹമ്മദാണ് ലീഡ് ചെയ്യുന്നത്. 13 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 59,329 വോട്ട് നേടിയ ഇവർ 29,749 വോട്ടിന് ലീഡ് ചെയ്യുകയാണ്. ബി.ജെ.പിയുടെ ആശിഷ് ഘോഷ് ആണ് രണ്ടാമത്. കോൺഗ്രസ് സ്ഥാനാർഥി കബിലുദ്ദീൻ ഷേഖ് മൂന്നാമതാണ്. തൃണമൂൽ - ബി.ജെ.പി - കോൺഗ്രസ് ത്രികോണ മത്സരം നടന്ന ഇവിടെ ഇടത് പിന്തുണ കോൺഗ്രസിനാണ്. തൃണമൂൽ കോൺഗ്രസ് എം.എൽ.എ നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്തിലെ കാഡിയിൽ ബി.ജെ.പി സ്ഥാനാർഥി രാജേന്ദ്രകുമാർ ധനേശ്വർ 39,452 വോട്ടിന് വിജയിച്ചു. രാജേന്ദ്രകുമാർ ധനേശ്വർ 99,742 വോട്ട് നേടിയപ്പോൾ രണ്ടാമതുള്ള കോൺഗ്രസിന്‍റെ രമേശ്ബായി ചവ്ദ 60,290 വോട്ടാണ് നേടിയത്. ബി.ജെ.പി എം.എൽ.എ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.