ന്യൂഡല്‍ഹി: വിവാദമായ അരാവലി മലനിരകളുടെ പുനര്‍നിര്‍വചനത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. പുതുക്കിയ നിർവചനം തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അനിയന്ത്രിതമായ ഖനനത്തിന് സൗകര്യമൊരുക്കുമെന്നുമുള്ള ആശങ്കകൾ മുൻനിർത്തി അരാവലി കുന്നുകളുടെ നിർവചനം സംബന്ധിച്ച മുൻ നിർദേശങ്ങളും വിദഗ്ധ സമിതി റിപ്പോർട്ടും നടപ്പിലാക്കുന്നതിനാണ് സ്റ്റേ. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
അരാവലി കുന്നുകളില്‍ സര്‍വേയും പഠനവും നടത്താന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും അതുവരെ വരെ സ്റ്റേ പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. കേസിൽ ജനുവരി 21ന് വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പുനര്‍നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. പുതിയ നിര്‍വചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറക്കുന്നതിന് കാരണമാകുമോ, മാറ്റം ഖനനത്തിന് അനുമതി നല്‍കുന്ന മേഖലകളുടെ വ്യാപ്തി വര്‍ധിപ്പിക്കുമോ, കുന്നുകളുടെ ഉയരവും അകലവും പരിഗണിച്ച് ഖനനം അനുവദിക്കാനാകുമോ എന്നീ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ നിശ്ചിത സമയത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാറിന്റെ മറുപടി ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
അരാവലി കുന്നുകളുടെ നിര്‍വചനത്തിലെ പുതിയ മാറ്റം അനിയന്ത്രിതമായ ഖനനത്തിനും പരിസ്ഥിതി നാശത്തിനും വഴിയൊരുക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സ്വമേധയാ ഹരജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.
നവംബര്‍ 20ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവിലാണ് പുതിയ നിര്‍വചനം അംഗീകരിക്കപ്പെട്ടത്. ഈ നിര്‍വചനം വിവാദമായതോടെ ഉണ്ടായ പ്രതിഷേധത്തിന് ഒടുവിലാണ് സുപ്രീംകോടതി സ്വമേധയാ ഹരജി പരിഗണിച്ചത്.
100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഭൂപ്രകൃതിയിലേക്ക് അരാവലികളെ പരിമിതപ്പെടുത്തുന്നത് അനിയന്ത്രിതമായ ഖനനത്തിലേക്ക് നയിക്കുമോ എന്നതിനെക്കുറിച്ച് വീണ്ടും പരിശോധിക്കുമെന്നും വിശദീകരണം തേടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോൾ അരാവലി അല്ലാത്ത ശ്രേണിയിലുള്ള പ്രദേശങ്ങളുടെ വിശദമായ തിരിച്ചറിയൽ നടത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ 20ന് സുപ്രീംകോടതി അരാവലി കുന്നുകളുടെയും ശ്രേണികളുടെയും ഏകീകൃത നിർവചനം അംഗീകരിക്കുകയും വിദഗ്ദ്ധരുടെ റിപ്പോർട്ടുകൾ പുറത്തുവരുന്നതുവരെ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ അതിന്റെ പ്രദേശങ്ങളിൽ പുതിയ ഖനന പാട്ടങ്ങൾ നൽകുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. നിയുക്ത അരാവലി ജില്ലകളിലെ 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഏതെങ്കിലും ഭൂപ്രകൃതിയെ ‘അരാവലി കുന്ന്’ എന്ന് നിർവചിക്കണമെന്നും 500 മീറ്ററിനുള്ളിൽ രണ്ടോ അതിലധികമോ അത്തരം കുന്നുകളുടെ ഒരു ശേഖരമായിരിക്കും ‘അരാവലി ശ്രേണി’ എന്നും കമ്മിറ്റി ശുപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.