വംശീയാധിക്ഷേപത്തെ തുടർന്നുള്ള മർദനം; എം.ബി.എ വിദ്യാർഥി കൊല്ലപ്പെട്ടു

ഡെറാഡൂൺ: വംശീയാധിക്ഷേപത്തെ തുടർന്നുള്ള മർദനത്തിൽ ത്രിപുര സ്വദേശിയായ എം.ബി.എ വിദ്യാർഥി മരിച്ചു. ത്രിപുരയിലെ ഉനകോട്ടി ജില്ലിലെ ആഞ്ചൽ ചക്മ (24) യാണ് കൊല്ലപ്പെട്ടത്.

പച്ചക്കറി വാങ്ങുന്നതിന് വേണ്ടി സഹോദരനുമായി മാർക്കറ്റിൽ പോയ സമയത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ആഞ്ചലിനെയും സഹോദരനെയും ‘ചൈനീസ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ താൻ ഇന്ത്യക്കാരനാണെന്ന് ആഞ്ചൽ മറുപടി നൽകിയതോടെയാണ് സഹോദരങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്.

തുടർന്ന് ആറ് പേരടങ്ങുന്ന സംഘം ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു​. നിരവധി തവണ അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തു. മർദനത്തിൽ കഴുത്തിനും നട്ടെല്ലിനുമാണ് ഗുരുതരമായി പരിക്കേറ്റ ആഞ്ചൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

തന്റെ മകന്റെ അവസ്ഥ മറ്റൊരാൾക്കും സംഭവിക്കരുതെന്ന് ആഞ്ചലിന്റെ അച്ഛൻ തരുൺ പ്രസാദ് ചക്മ പറഞ്ഞു. മകന്റെ കൊലപാതകത്തിന് കാരണമായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഡെറാഡൂണിൽ താമസിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആഞ്ചലിന്റെ പിതാവ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡെറാഡൂണിലെ സ്വകാര്യ സർവകലാശാലയിലെ അവസാനവർഷ എം.ബി.എ വിദ്യാർഥിയായിരുന്നു ആഞ്ചൽ. പഠനത്തിലും ഫുടബോളിലും മിടുക്കനായിരുന്ന ആഞ്ചലിന് സ്വകാര്യ കമ്പനിയിൽ പ്ലേസ്മെന്റ് ഓഫർ ലഭിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. മണിപ്പൂരിൽ ജോലിചെയ്യുന്ന ബി.എസ്.എഫ് ജവാനാണ് തരുൺ ചക്മ.

സംഭവത്തെ തുടർന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.എന്നാൽ ഡിസംബർ ഒമ്പതിന് നടന്ന ആക്രമണത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്നും ഓൾ ഇന്ത്യ ചക്മ സ്റ്റുഡന്റ്സ് യൂണിയന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സമ്മർദത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും പിതാവ് ആരോപിക്കുന്നുണ്ട്.

ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് നേരേയുള്ള നിരന്തരമായ വംശീയാധിക്ഷേപം കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വംശീയതക്കെതിരെ ദേശീയ നിയമം കൊണ്ട് വരണമെന്നാവശ്യപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.


Tags:    
News Summary - In Dehradun, racial attack snuffs out young life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.