ന്യൂഡൽഹി: ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി(എസ്.പി)യുമായി സഖ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പിംപിരി-ചിൻചവാഡ് തദ്ദേശ തെരഞ്ഞെടുപ്പിനായി സഖ്യമുണ്ടാക്കുമെന്നാണ് അജിത് പവാർ അറിയിച്ചിരിക്കുന്നത്. കുടുംബം ഒന്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ശിവസേന-ശരത് പവാർ സഖ്യത്തിന് ധാരണയായെന്ന റിപ്പോർട്ടുകൾ വന്നിരുന്നു
തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം നടക്കുന്നതിനിടെ ഇരുപക്ഷവും ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചുവെന്ന് അജിത് പവാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ചിലപ്പോൾ മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടി തീരുമാനമെടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക നേതാക്കളുമായി സീറ്റ് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിംപിരി-ചിൻചിവാദ് ഉൾപ്പടെ മഹാരാഷ്ട്രയിലെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 15നാണ് നിർണായക തെരഞ്ഞെടുപ്പ്. ജനുവരി 16ന് വോട്ടെണ്ണും. ഡിസംബർ 30 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പൂണെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും സഖ്യ സാധ്യത ഇരു പാർട്ടികളും തേടുന്നുണ്ട്.
അതേസമയം, ഇതിന് വിപരീതമായ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പവാർ കുടുംബം ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമായി സഹകരിക്കുന്നുവെന്നായിരുന്നു വെള്ളിയാഴ്ച തന്നെ എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ ശിവസേന തലവൻ ഉദ്ധവ് താക്കറെയെ മാതോശ്രീയിലെത്തി കൂടികാഴ്ച നടത്തി സഖ്യ തീരുമാനം അറിയിച്ചതായും വാർത്തകൾ വന്നിരുന്നു.
ജനുവരി 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ദവ് വിഭാഗവും, രാജ് താക്കറെയുടെ എം.എൻ.എസും ഒന്നിച്ചാണ് മത്സരിക്കുന്നത്. ഇവരുടെ സഖ്യത്തിൽ എൻ.സി.പി ശരദ് പവാർ വിഭാഗവും ചേർന്നതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് എം.പി അറിയിച്ചു.
ബി.എം.സിയിലും പി.എം.സിയിലും സീറ്റ് വിഭജനം ഉൾപ്പെടെ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശരദ്പവാറിനെപോലൊരു മുതിർന്ന നേതാവിന്റെ സാന്നിധ്യം സഖ്യത്തിന് കരുത്ത് പകരുമെന്നും, സുപ്രിയ സുലെ, ജയന്ത് പാട്ടിൽ, ശശികാന്ത് ഷിൻഡെ, ഉദ്ധവ് താക്കറെ എന്നിവർ ഉൾപ്പെടെ നേതൃത്വത്തിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നു അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.