ന്യൂഡൽഹി: അരാവലി കുന്നുകളുടെ പുനഃർനിർവചനത്തിനെതിരെ കേന്ദ്രത്തിനും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുമെതിരായ ആക്രമണം ശക്തമാക്കി കോൺഗ്രസ്. ഈ മാറ്റങ്ങൾ, ഇതിനകം തന്നെ കടുത്ത പാരിസ്ഥിതിക സമ്മർദത്തിലാണെന്ന് പറയുന്ന ഒരു പ്രദേശത്ത് വലിയ തോതിലുള്ള റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് വാതിൽ തുറക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ് മുന്നറിയിപ്പു നൽകി.
സുപ്രീംകോടതി വിഷയം ഈ പരിശോധിക്കുമ്പോൾ തന്നെ, ഈ പ്രശ്നം ഖനനത്തിനപ്പുറത്തേക്ക് പോകുമെന്നും രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പർവത ശൃഖലകളൊന്നിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘അരാവലികളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ പുതിയ നിർദേശങ്ങൾക്കായി രാജ്യം കാത്തിരിക്കുമ്പോൾ, ഇതിനകം തന്നെ തകർന്നടിഞ്ഞ ആവാസവ്യവസ്ഥയിൽ അരാവലികളുടെ പുതിയ നിർവചനം കൂടുതൽ നാശമുണ്ടാക്കുമെന്നതിന്റെ കൂടുതൽ തെളിവുകളിതാ. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ശിപാർശകൾ മറികടന്ന് ഡൽഹി-രാജസ്ഥാൻ ഡബിൾ എൻജിൻ സർക്കാർ ഖനനത്തിനായി മാത്രമല്ല, റിയൽ എസ്റ്റേറ്റ് വികസനത്തിനും ആരവല്ലി തുറന്നുകൊടുക്കുന്നു’ -ജയറാം രമേശ് ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു.
അരാവലി ഭൂപ്രകൃതിയുടെ 90 ശതമാനത്തിലധികം ഭാഗവും നിയമപരമായ സംരക്ഷണത്തിന് പുറത്തായിരിക്കുമെന്നും ഖനനം, നിർമാണം, മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ എന്നിവക്ക് ഇരയാക്കപ്പെടുമെന്നും മുന്നറിയിപ്പു നൽകി പാർട്ടി നിരന്തരം പുനഃർനിർവചനത്തെ എതിർക്കുകയാണ്. പുതിയ മാനദണ്ഡങ്ങൾ സുരക്ഷാ സംവിധാനങ്ങളെ ദുർബലപ്പെടുമെന്നും ദീർഘകാല നാശത്തിന് കാരണമാകുമെന്നും കോൺഗ്രസ് വാദിക്കുന്നു.
രാഷ്ട്രീയ വിവാദത്തെയും പ്രതിഷേധത്തെയും തുടർന്ന്, പർവതനിരകൾക്കുള്ളിൽ പുതിയ ഖനന പാട്ടങ്ങൾ അനുവദിക്കുന്നതിന് പൂർണമായ നിരോധനം ഏർപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. വിവാദം സുപ്രീംകോടതിയിൽ എത്തിയിരിക്കുകയാണ്. സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുകയും തിങ്കളാഴ്ച വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു.
നവംബർ 20ന്, അരാവലി കുന്നുകളുടെയും ശ്രേണികളുടെയും ഏകീകൃത നിർവചനം സുപ്രീംകോടതി അംഗീകരിക്കുകയും വിദഗ്ദ്ധ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതുവരെ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ പുതിയ ഖനന പാട്ടങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള കമ്മിറ്റിയുടെ ശിപാർശകൾ കോടതി അംഗീകരിക്കുകയായിരുന്നു. ഇത് ‘ആരവല്ലി കുന്ന്’ എന്നത് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള നിയുക്ത ആരവല്ലി ജില്ലകളിലെ ഏതെങ്കിലും ഭൂപ്രകൃതിയായി നിർവചിക്കുകയും ‘അരാവലി നിര’ എന്നത് പരസ്പരം 500 മീറ്ററിനുള്ളിൽ രണ്ടോ അതിലധികമോ അത്തരം കുന്നുകളുടെ ഒരു ശേഖരമായി നിർവചിക്കുകയും ചെയ്തു. ഇതിനെതിരെയാണ് പ്രതിഷേധം കനത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.