ബി.ജെ.പി ഭരണകാലത്ത് നടന്ന അഴിമതിക്കെതിരെയും ശബ്ദമുയർത്തൂ -അസം തൃണമൂൽ അധ്യക്ഷൻ

ഗുവാഹത്തി: ബി.ജെ.പിയുടെ ഭരണകാലത്ത് നടന്ന അഴിമതിക്കെതിരെയും ശബ്ദമുയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അസം തൃണമൂൽ കോൺഗ്രസ് പ്രസിഡന്‍റും മുൻ രാജ്യസഭാംഗവുമായ റിപുൻ ബോറ. പ്രധാനമന്ത്രിയുടെ 77-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സി.എ.ജി റിപ്പോർട്ടിലെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള “നിശബ്ദത” ആശ്ചര്യജനകമാണെന്ന് റിപുൻ ബോറ പറഞ്ഞു.

പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് സ്വയം നോക്കേണ്ടതുണ്ട്. പാരിസ്ഥിതിക അനുമതിയില്ലാതെയാണ് ഭാരത്‌മാല പദ്ധതി നടപ്പാക്കിയതെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ട്. ഇത് ആത്യന്തികമായി പദ്ധതിയുടെ സുസ്ഥിരതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് -റിപുൺ ബോറ പറഞ്ഞു. 2017ൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 34,800 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനായി കിലോമീറ്ററിന് 15.4 കോടി രൂപയായിരുന്നു. എന്നാൽ, 26,316 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് 2023 വരെ മന്ത്രാലയം അനുവദിച്ച ചെലവ് കിലോമീറ്ററിന് 32 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈവേയുടെ നീളം കുറഞ്ഞു. അതേസമയം ഓരോ കിലോമീറ്ററിനും ചെലവ് ഇരട്ടിയായി. എസ്ക്രോ അക്കൗണ്ടിൽ നിന്ന് 3,500 കോടി രൂപ വകമാറ്റിയതായി ആരോപണമുണ്ടെന്നും ബോറ കൂട്ടിച്ചേർത്തു.

എയർക്രാഫ്റ്റ് എഞ്ചിനുകളുടെ രൂപകൽപ്പനയിലെ പിഴവുകളും മെറ്റീരിയൽ പകരം വയ്ക്കലും ഉൽപ്പാദനം വൈകിയതും കാരണം 2022 മാർച്ചോടെ 159.23 കോടി രൂപയുടെ നഷ്ടമുണ്ടായതിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) സി.എ.ജി വിമർശിച്ചു. ദ്വാരക എക്‌സ്പ്രസ് വേയുടെ നിർമാണച്ചെലവ് കിലോമീറ്ററിന് 18 കോടിയിൽ നിന്ന് 250 കോടിയായി ഉയർന്നു. 6728 കോടി രൂപയുടെ നഷ്ടമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ ടോൾ പ്ലാസകളിലൂടെ 132 കോടി രൂപ കൊള്ളയടിച്ചു. ഈ ടോൾ പ്ലാസകൾ യാത്രക്കാർക്ക് അമിതഭാരമാണെന്നും റിപുൻ ബോറ പറഞ്ഞു. ഗുവാഹത്തിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റിപുൻ ബോറ.

Tags:    
News Summary - Assam Trinamool chief slams PM for his silence on 'scams' during BJP's tenure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.