അസമിലെ വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനങ്ങൾക്കായി 20 എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചു

ദിസ്പൂർ: അസമിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 20 എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചതായി ദുരന്ത നിവാരണസമിതി അറിയിച്ചു. സംസ്ഥാനത്ത് രൂക്ഷമാകുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 ജില്ലകളിലായി 7,16,000ലധികം പേർ ദുരിതത്തിലാണെന്ന് ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഇതുവരെ ഒമ്പത് പേർ മരണപ്പെട്ടിട്ടുണ്ട്.

അസമിലെ ദിമാഹസാവോ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രളയകെടുതികൾ രേഖപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് റോഡ്, റെയിൽ ഗതാഗതസാകര്യങ്ങളെല്ലാം തടസ്സപ്പെട്ടിട്ടുണ്ട്. നാഗോൺ ജില്ലയിലെ കാമ്പൂർ-കത്തിയതാലി ഭാഗത്തെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം ഇന്ന് രാവിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുന്നതായി കാച്ചാർ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. നിലവിൽ 1413 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.

സംസ്ഥാനത്തെ നദികളിലെല്ലാം ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തുന്നത്. അതേസമയം ദുരന്തത്തെതുടർന്ന് ഗതാതഗതതടസ്സം നേരിട്ട ദിമാ ഹസാവോയിലും ബരാക് താഴ്‌വരയിലും 3000 രൂപ നിരക്കിൽ അടിയന്തര വിമാന സർവീസ് ഏർപ്പെടുത്താൻ അസം മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കാസിരംഗ നാഷ്നൽ പാർക്ക്, ടൈഗർ റിസർവ് പോലുള്ള ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും വെള്ളം ഉ‍യരുന്നത് പ്രതിസന്ധി ഉയർത്തുന്നുണ്ട്. മൃഗങ്ങളെ മാറ്റിപാർപ്പിക്കാന്‍ 40 ഓളം ഉയർന്ന പ്രദേശങ്ങൾ വനംവകുപ്പ് നിർമ്മിച്ചിട്ടുണ്ട്. മൃഗങ്ങളെ രക്ഷിക്കാനുള്ള സജീവ ശ്രമത്തിലാണ് തന്റെ വകുപ്പെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും പരിസ്ഥിതി, വനം മന്ത്രി പരിമൾ ശുക്ലബൈദ്യ പറഞ്ഞു.

Tags:    
News Summary - Assam Floods: 20-member team of NDRF deployed to Dima Hasao district to carry out search and rescue operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.