ദിവസേന മാറ്റുന്ന കിടക്ക വിരികൾ; കേ​രള മോഡൽ കോപ്പിയടിച്ച് അസം മുഖ്യമന്ത്രി

കോഴിക്കോട്: ദിവസേന മാറ്റി ശുചിത്വം കാത്തുസൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സർക്കാർ ആശുപത്രികളിലെ കിടക്ക വിരികളിൽ ദിവസം രേഖപ്പെടുത്തുന്ന കേ​രള മോഡൽ കോപ്പിയടിച്ച് അസം മുഖ്യമന്ത്രി. കേരളത്തിന്റെ ആശയത്തെ ശ്ലാഘിച്ച് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തകൾ നൽകുകയും സൈബർ ലോകത്ത് ചർച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് അസമിലും ഈ സംവിധാനം നടപ്പിൽ വരുത്തിയത്. എന്നാൽ, കേരളത്തിന്റെ ആശയമാണിതെന്ന സത്യം തമസ്കരിച്ച് ഇന്റർനെറ്റിൽ കണ്ട ഐഡിയ എന്ന മട്ടിലാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്.

ബെഡ് ഷീറ്റുകളിൽ ആഴ്ചയിലെ ദിവസങ്ങൾ രേഖപ്പെടുത്തുക എന്ന നൂതനാശയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ കണ്ടു, ഉടനടി അത് നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു. ഒരേ ഷീറ്റ് ആവർത്തിക്കാതിരിക്കാൻ ആഴ്ചയിലെ ദിവസങ്ങളെ വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയ ഷീറ്റുകളാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് നിങ്ങളുടെ പ്രതികരണം എന്താണ്? എന്നാണ് ഹിമന്ത എക്സിൽ കുറിച്ചത്.

ഈ അപഹാസ്യ നിലപാടിനെ മലയാളികളല്ലാത്തവർ ഉൾപ്പെടെ സൈബർ ലോകത്ത് ചോദ്യം ചെയ്യുന്നുണ്ട്.

ഒരു സംസ്ഥാനത്തിന്റെ ആശയം മറ്റൊരു സംസ്ഥാനം പകർത്തുന്നതിൽ യാതൊരു അപാകതയുമില്ല. എന്നാൽ, രാഷ്ട്രീയപ്പക മൂലം ഒരു സംസ്ഥാനത്തിന്റെ ആശയത്തെ മറച്ചുപിടിക്കുന്ന നടപടി നാണക്കേടാണെന്ന് നിരവധി പേർ എക്സിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിലപാട് തിരുത്താനോ കേരളത്തിന് കടപ്പാട് നൽകാനോ അസം മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

അതേ സമയം ഇത് ആദ്യം നടപ്പാക്കിയത് കേരളമല്ലെന്നും പണ്ടേ ഉള്ള ആശയമാണെന്നും വാദമുയർത്തി ഹിമന്തയെ പ്രതിരോധിച്ച് സംഘപരിവാർ അനുകൂലികളും രംഗ​ത്തെത്തിയിട്ടുണ്ട്.


Tags:    
News Summary - Assam CM introduced coloured bedsheets in state hospitals for hygiene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.