ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് ഐ.എസ്.ഐ ബന്ധമെന്ന് ഹിമന്ത ശർമ; തെരഞ്ഞെടുപ്പിന് മുമ്പുള്ള ​'മസാല'യെന്ന് കോൺഗ്രസ്

ഗുവാഹതി: കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയിയുടെ ഭാര്യക്കെതിരെ അധിക്ഷേപ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ. ഗൗരവ് ഗൊഗോയിയുടെ ഭാര്യയായ എലിസബത്ത് ഗൊഗോയിയുടെ വിദേശ പൗരത്വവും മുമ്പ് പാകിസ്താനിൽ ജോലി ചെയ്തതുമാണ് ബി.ജെ.പി നേതാവ് ചോദ്യം ചെയ്യുന്നത്.

യു.കെയിൽ ജനിച്ച എലിസബത്ത് കാലാവസ്ഥ നയങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഇന്ത്യൻ ഫോറിൻ സർവീസിൽ ജോലി ​ചെയ്യുന്നവർക്ക് വിദേശ പൗരൻമാരെ വിവാഹം ചെയ്യുന്നതിന് കേന്ദ്രസർക്കാറിന്റെ അനുമതി വേണമെന്നും വിവാഹശേഷം ഇണകളെ ഇന്ത്യൻ പൗരൻമാരാക്കാൻ അവർ മുൻകൈയെടുക്കണമെന്നുമാണ് ഹിമന്ത ശർമ എക്സിൽ പോസ്റ്റിട്ടത്.

എന്നാൽ, ഒരു നിയമസാമാജികന്റെ വിദേശ പങ്കാളിക്ക് 12 വർഷത്തേക്ക് വിദേശ പൗരത്വം നിലനിർത്താൻ അനുവദിക്കുന്നത് അനുചിതമാണ്. എല്ലാറ്റിനേക്കാളും രാഷ്ട്രത്തോടുള്ള വിശ്വസ്തതക്കാണ് എ​പ്പോഴും മുൻഗണന നൽകണമെന്നും ഹിമന്ത കൂട്ടിച്ചേർത്തു. 2011 മുതൽ 2015വരെ

ക്ലൈമറ്റ് ഡെവലപ്മെന്റ് ആൻഡ് നോളഡ്ജ് നെറ്റ്‍വർക്കിന്റെ ഭാഗമായി എലിസബത്ത് പാകിസ്താനിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഹിമന്ത സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.

എലിസബത്തിന് ഐ.എസ്.ഐ ബന്ധമുണ്ടെന്നായിരുന്നു ഹിമന്തയുടെ അടുത്ത പോസ്റ്റ്. ഐ.എസ്.ഐ ബന്ധവുമായി ബന്ധപ്പെട്ട് ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പാക് എംബസിയിലെ യുവാക്കളെ ബ്രെയ്ൻ വാഷ് ചെയ്ത് തീവ്രവാദത്തിലേക്ക് തള്ളിവിടുന്നു. അതോടൊപ്പം 12വർഷം ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു.-ഹിമന്ത വീണ്ടും എക്സിൽ കുറിച്ചു. എന്നാൽ ആരോപണങ്ങൾ ​ഗൊഗോയ് തള്ളി. 2026ലെ അസം നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണിതെന്നാണ് ഗൊഗോയ് പ്രതികരിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കവെ ആരോപണങ്ങൾ ചിരിച്ചു തള്ളുകയാണെന്ന് ഗൊഗോയ് പ്രതികരിച്ചു. താൻ ജനങ്ങളുടെ മനഃസാക്ഷിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം തുടർന്നു.

സാധാരണ ഇത്തരം ആരോപണങ്ങൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഉയർന്നുകേൾക്കാറുള്ളത്. കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിക്കുമ്പോഴാണ് ഇത്തരം വിവാദങ്ങൾ ആദ്യമായി ഉയർന്നുവന്നത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പായിരുന്നു ആരോപണങ്ങൾ ഉയർന്നത്. എന്തുകൊണ്ടാണ് അയാൾ മറ്റൊരു രാജ്യക്കാരിയായ സ്ത്രീയെ വിവാഹം കഴിച്ചു? അസമിൽ സ്ത്രീകളെ കിട്ടാഞ്ഞിട്ടാണോ​? തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം മസാലകൾ വന്നുകൊണ്ടേയിരിക്കും. എന്നാൽ ഇത്തവണ അങ്ങനെയല്ല, തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷമെങ്കിലും ബാക്കിയുണ്ട്. അപ്പോഴേക്കും ബി.ജെ.പി നേതാക്കൾ ഇത്തരം പ്രചാരണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. -ഗൊഗോയ് പറഞ്ഞു.

2026ലെ അസം നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ ബി​.ജെ.പി നേതൃത്വം വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമോയെന്ന് ഹിമന്ത ശർമക്ക് സംശയമുണ്ടെന്നും ഗൊഗോയ് പരിഹസിച്ചു.

തന്റെ ഭാര്യ പാക് ഏജന്റാണെങ്കിൽ ഞാൻ ഇന്ത്യൻ ഏജന്റാണ്. ഈ കളിയിൽ തീർച്ചയായും ഇന്ത്യയായിരിക്കും വിജയിക്കുക. അവരോട് ഞാനെന്തിന് തർക്കിക്കണം? എന്റെ ഭാര്യക്ക് സ്വന്തമായി യൂട്യൂബ് ചാനലില്ല. അതിനാൽ ഞങ്ങൾക്ക് അയാളുടെ കുപ്രചാരണങ്ങളെ ഖണ്ഡിക്കാനുമാകില്ല. സ്വന്തം പോർട്ടൽ പോലുമില്ല ഞങ്ങൾക്ക്. അത് പോട്ടെ...ഞങ്ങളിതെല്ലാം ജനങ്ങളുടെ മനഃസാക്ഷിക്ക് വിട്ടു നൽകുന്നു. സത്യമെന്താണെന്ന് അവർക്കറിയാം.

Tags:    
News Summary - Assam CM Himanta’s Says Gaurav Gogoi’s wife has ISI links; Congress leader responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.