2023ലെ നിയോജകമണ്ഡല പുനർനിർണയ ശേഷം രാഷ്ട്രീയ ഭൂപ്രകൃതി അടിമുടി മാറിയ അസമിൽ നിയമസഭ സീറ്റെണ്ണത്തിൽ ഏറ്റവും കുറവ് മുസ്‍ലിം ഭൂരിപക്ഷ മേഖലകളിലാണ്. 2001ലെ സെൻസസ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ മണ്ഡല പുനർനിർണയം നടത്തിയപ്പോൾ മുസ്‍ലിം ഭൂരിപക്ഷ ജില്ലകളിലെ സീറ്റുകൾ കുറഞ്ഞു.
ഗോത്രവർഗക്കാർക്കും അസമിലെ തദ്ദേശീയ വിഭാഗങ്ങൾക്കും മുൻതൂക്കമുള്ള ജില്ലകളിൽ സീറ്റുകൾ കൂടി. ബരാക് വാലി മേഖലയിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലകളായ ഹൈലകാൻഡി, കരിംഗഞ്ച് എന്നിവിടങ്ങളിൽ ഓരോ സീറ്റുകൾ വീതം കുറച്ചപ്പോൾ ബാർപേട്ട ജില്ലയിലെ സീറ്റുകൾ എട്ടിൽനിന്ന് ആറാക്കി.
അതേസമയം കർബി ആംഗ്ലോംഗ്, പടിഞ്ഞാറൻ കർബി ആംഗ്ലോംഗ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന സ്വയംഭരണ മേഖലയിൽ സീറ്റുകളുടെ എണ്ണം നാലിൽനിന്ന് അഞ്ചാക്കി. ഈ അഞ്ച് സീറ്റുകളിലും പട്ടികവർഗ സംവരണമാണ്. ബോഡോ വിഭാഗത്തിന് മുൻതൂക്കമുള്ള അഞ്ച് ജില്ലകളിൽ സീറ്റുകൾ 12ൽ നിന്ന് 15 ആയി. ഇതിൽ ആറ് എണ്ണം പട്ടികവർഗ സംവരണമാണ്. അസമിയ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള അപ്പർ അസമിലെ മൂന്ന് ജില്ലകളിൽ ഓരോ സീറ്റുകൾ വീതം കൂട്ടി.
ന്യൂനപക്ഷ മേഖലകളിൽ സീറ്റുകൾ കുറച്ചതിന് പുറമെ, മുസ്‍ലിം സ്ഥാനാർഥികൾക്ക് പരമ്പരാഗതമായി വിജയസാധ്യതയുള്ള ഗോൾപാറ വെസ്റ്റ്, ബാർപേട്ട, നോർത്ത് അസമിലെ ലഖിംപുർ ജില്ലയിലെ നവോബോയിച്ച മണ്ഡലങ്ങൾ പട്ടികജാതി സംവരണ സീറ്റുകളാക്കി മാറ്റി.
പുനർനിർണയ ശേഷം സംസ്ഥാനത്തെ പട്ടികജാതി സംവരണ സീറ്റുകൾ എട്ടിൽനിന്ന് ഒമ്പതായും, പട്ടികവർഗ സംവരണ സീറ്റുകൾ 16ൽനിന്ന് 19 ആയും വർധിച്ചു. മുസ്‍ലിം വോട്ടർമാരെ ഒരു മണ്ഡലത്തിൽ കുത്തിനിറക്കുകയും സമീപ മണ്ഡലങ്ങളിൽ അവരുടെ സ്വാധീനം കുറക്കുകയും ചെയ്യുന്ന രീതിയിലാണ് അതിർത്തികൾ നിർണയിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മുസ്‍ലിം വോട്ടർമാർ കൂടുതലുള്ള ദൽഗാവ് മണ്ഡലത്തിൽ 3,15,284 വോട്ടർമാരുള്ളപ്പോൾ, തൊട്ടടുത്ത മണ്ഡലമായ മംഗൾദോയിയിൽ 2,00,373 വോട്ടർമാർ മാത്രമാണുള്ളത്. 126 അംഗ നിയമസഭയിലേക്ക് 2021ലെ തെരഞ്ഞെടുപ്പിൽ 31 മുസ്‍ലിം ജനപ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
മണ്ഡല അതിർത്തികൾ മാറിയതോടെ പാർട്ടികൾ സ്ഥാനാർഥി നിർണയത്തിലും തന്ത്രങ്ങളിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി ഇക്കുറി ഒരു മുസ്‍ലിം സ്ഥാനാർഥിയെപ്പോലും നിർത്തിയിട്ടില്ല. എന്നാൽ, എൻ.ഡി.എ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മത്സരിക്കുന്ന 26 സീറ്റുകളിൽ 13 എണ്ണത്തിൽ മുസ്‍ലിം സ്ഥാനാർഥികളെ നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസാവട്ടെ 18 മുസ്‍ലിം സ്ഥാനാർഥികൾക്ക് സീറ്റ് നൽകി.
എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായിരുന്ന ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫിനെ ഇക്കുറി കൂടെക്കൂട്ടിയില്ല. അതിനിടെ ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി ബദ്റുദ്ദീൻ അജ്മലിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.