ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ഫേസ്ബുക് പോസ്റ്റ്; അശോക യൂനിവേഴ്സിറ്റി പ്രഫസർ ജയിലിൽ

ചണ്ഡീഗഢ്: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്‍താനിൽ നടത്തിയ ഓപറേഷൻ സിന്ദൂറിനെ നടത്തിയ പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത അശോക യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ. അലി ഖാൻ മഹ്മൂദാബാദിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വേണമെന്നായിരുന്നു സോനപത് കോടതിയിൽ ഹരിയാന പൊലീസ് ആവശ്യപ്പെട്ടത്. രണ്ട് എഫ്‌ഐആറുകളാണ് പ്രൊഫസര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനെയും വിമർശിച്ചു എന്നാണ് അലിഖാനെതിരെ ആരോപിക്കുന്ന കുറ്റം. 

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുക, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ നടത്തുക, സ്ത്രീയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള മനഃപൂർവമായ പ്രവർത്തനങ്ങൾ നടത്തുക, മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെ ആരോപിക്കുന്നത്.

അശോക യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് അലിഖാൻ മഹ്മൂദാബാദ്. ഞായറാഴ്ചയാണ് പ്രഫസറെ അറസ്റ്റ് ചെയ്തത്.

സായുധസേനയിലെ വനിത ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും വിദ്വേഷ കുറ്റകൃത്യങ്ങളെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന തീവ്രവലതുപക്ഷ നിലപാടിനെ കാപട്യം എന്ന് വിശേഷിപ്പിച്ച് മേയ് എട്ടിനാണ് പ്രഫസർ അലി ഖാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

തുടർന്ന് സായുധ സേനയിലെ വനിത ഉദ്യോഗസ്ഥരെ അവഹേളിച്ചുവെന്നും സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചുവെന്നുമാരോപിച്ച് ഹരിയാന വനിത കമീഷൻ പ്രഫസർ അലി ഖാനെതിരെ രംഗത്തുവന്നു. തന്റെ അഭിപ്രായം വളച്ചൊടിച്ചുവെന്നായിരുന്നു പ്രഫസറുടെ പ്രതികരണം.

Tags:    
News Summary - Ashoka University professor sent to jail for 14 days over Op Sindoor post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.