ഗെഹ്ലോട്ട് ആഗസ്റ്റ് 17ന് വിശ്വാസവോട്ട് തേടും; എം.എൽ.എമാർക്ക് വീണ്ടും റിസോർട്ട് മാറ്റം
ജയ്പുർ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആഗസ്റ്റ് 17ന് വിശ്വാസവോട്ട് തേടിയേക്കും. ഉപമുഖ്യമന്ത്രിയായിരുന്ന സചിൻ പൈലറ്റും 18 വിമത എം.എൽ.എമാരും ഇടഞ്ഞു നിൽക്കുന്നതോടെ ആഗസ്റ്റ് 14ന് നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ കൽരാജ് മിശ്ര അശോക് ഗെഹ്ലോട്ടിന് അനുമതി നൽകിയിരുന്നു. തുടർന്ന് 17ന് ഗെഹ്ലോട്ട് വിശ്വാസവോട്ട് തേടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
അതേസമയം എം.എൽ.എമാരെ മറ്റൊരു റിസോർട്ടിലേക്ക് മാറ്റാൻ ഗെഹ്ലോട്ട് ശ്രമിക്കുന്നതായാണ് വിവരം. ജയ് സാൽമീറിലുള്ള റിസോർട്ടിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. സചിൻ പൈലറ്റുമായി രാഷ്ട്രീയ പോര് തുടങ്ങിയതോടെ എം.എൽ.എമാരെ ജൂലൈ 13ന് കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ജയ്പൂരിലെ റിസോർട്ടിലായിരുന്നു ഹെഗ്ലോട്ട് പക്ഷ എം.എൽ.എമാരുടെ താമസം. ആഗസ്റ്റ് 14 വരെ റിസോർട്ടിൽ തുടരാൻ നേതൃത്വം നിർദേശിച്ചെങ്കിലും ജയ്പുരിലെ റിസോർട്ടിൽ തുടരുന്നതിൽ എം.എൽ.എമാർ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ തീരുമാനം. ഫെയർമൗണ്ട് ഹോട്ടലിൽ ചേരുന്ന നിയമസഭ കക്ഷി യോഗത്തിനുശേഷമാകും എം.എൽ.എമാരെ മാറ്റുക.
200 അംഗ നിയമസഭയിൽ 102 പേരുടെ പിന്തുണയുണ്ടെന്നാണ് ഗെഹ്ലോട്ടിെൻറ വാദം. കേവല ഭൂരിപക്ഷത്തിന് 101 അംഗങ്ങളുടെ പിന്തുണ വേണം. സചിൻ പൈലറ്റിനൊപ്പം 18 എം.എൽ.എമാരാണുള്ളത്. എന്നാൽ തനിക്കൊപ്പം 30 എം.എൽ.എമാർ ഉണ്ടെന്നാണ് സചിൻ പൈലറ്റിെൻറ അവകാശ വാദം. തുടർച്ചയായ രണ്ടുതവണ നിയമസഭ കക്ഷി യോഗത്തിൽ പെങ്കടുക്കാത്തതിനെ തുടർന്ന് സചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുകയും 18 എം.എൽ.എമാരെ ഉൾപ്പെടെ അയോഗ്യരാക്കാൻ നിയമസഭ സ്പീക്കർ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ബി.ജെ.പിയുമായി ചേർന്ന് കുതിരക്കച്ചവടത്തിലൂടെ പൈലറ്റ് സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഗെഹ്ലോട്ടിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.