20 വിമത എം.പിമാരെയും അയോഗ്യരാക്കണം; ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻ.സി.പി.ഐ) ലയിക്കുമെന്ന് പ്രഖ്യാപിച്ച 20 വിമത എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകി.

വെള്ളിയാഴ്ച പാർലമെന്റിലെത്തിയാണ് സ്പീക്കർ ഓം ബിർളയെ നേരിട്ട് കണ്ടത്. എം.പിമാരായ കല്യാൺ ബാനർജി, സൗഗത റോയ്, മഹുവ മൊയ്ത്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. ഓരോ എം.പിമാരെയും അയോഗ്യരാക്കാൻ പ്രത്യേക കത്തുകളാണ് നൽകിയത്. എൻ.സി.പി.ഐ പാർട്ടിയിൽ ലയിച്ചെന്ന് അവകാശപ്പെട്ട വിമത എം.പിമാർ ലോക്സഭയിൽ തങ്ങളെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. വിമതരുടെ യാതൊരുവിധ അവകാശവാദങ്ങളും അംഗീകരിക്കരുതെന്നും പാർട്ടിയുടെ ഔദ്യോഗിക ചീഫിനെയും വിപ്പിനെയും മാത്രമേ അംഗീകരിക്കാവൂ എന്നും അഭിഷേക് സ്പീക്കറോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ സുഭാഷ് ദേശായി കേസ് വിധിയിലെ ഭരണഘടനാ വശങ്ങളും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട അഭിഷേക് വിമതർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. എൻ.സി.പി.ഐ എന്നൊരു പാർട്ടിയെക്കുറിച്ച് ആരും കേട്ടിട്ടുപോലുമില്ലെന്നും എം.പിമാർക്ക് അല്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഭാഗം സ്പീക്കർക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. സ്പീക്കർ ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ബി.ജെ.പിയുമായി കൈകോർത്ത് സ്വന്തം മനസ്സാക്ഷിയെ വിൽക്കുന്ന രാഷ്ട്രീയക്കാർക്ക് ബംഗാളിൽ സ്ഥാനമുണ്ടാകില്ലെന്നും അഭിഷേക് ബാനാർജി വ്യക്തമാക്കി.

ലോക്‌സഭാ സ്പീക്കർ സഭയുടെ സംരക്ഷകനാണ്, സർക്കാറിന്റെ രക്ഷകനല്ല. ഓരോ പൗരനും, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, നിയമത്തിന്റെ പരിധിക്കുള്ളിൽനിന്ന് പ്രവർത്തിക്കണം. ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന വ്യവസ്ഥകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

Tags:    
News Summary - Filed 20 Disqualification Petitions -Abhishek Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.