ജയ്റാം രമേശ്
ന്യൂഡൽഹി: നടപ്പാതയിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. ഇതിന് പിന്നാലെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാൻ 'വോട്ട് ചെയ്യാനുള്ള അവകാശത്തെയും' മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പുറത്തുവന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ജനാധിപത്യം നിലവിൽ നേരിടുന്ന തകർച്ചയിൽ നിന്ന് അതിനെ രക്ഷിക്കാൻ വോട്ടവകാശം മൗലികാവകാശമാക്കേണ്ടത് അത്യന്തം അനിവാര്യമാണെന്ന് ജയറാം രമേശ് തന്റെ എക്സിൽ കുറിച്ചു.
അഞ്ചുവയസ്സുകാരനായ മകനെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പിതാവിന്റെ നഷ്ടപരിഹാരക്കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക വിധി വന്നത്. ഭരണഘടനയുടെ പാർട്ട് III അനുസരിച്ച് നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. ആർട്ടിക്കിൾ 19(1)(d) ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും, ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണിത്.
റോഡുകളുണ്ടെങ്കിൽ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടായിരിക്കണം എന്നത് അധികാരികളുടെ കടമയാണ്. മോട്ടോർ വാഹനങ്ങളുടെ സഞ്ചാരത്തേക്കാൾ മുൻഗണന കാൽനടയാത്രക്കാരുടെ ഈ അവകാശത്തിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധിക്ക് പിന്നാലെയാണ് വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ച കോൺഗ്രസ് മുന്നോട്ട് വെച്ചത്.
'നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നു. അത് വളരെ മികച്ചൊരു തീരുമാനമാണ്. ഇനി വോട്ട് ചെയ്യാനുള്ള അവകാശത്തെക്കൂടി ഒരു മൗലികാവകാശമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ഇപ്പോഴത്തെ മരണച്ചുഴിയിൽ നിന്ന് രക്ഷിക്കാൻ ഇത് പരമപ്രധാനമാണ്.' - ജയറാം രമേശ് വ്യക്തമാക്കി.
നിലവിൽ ഇന്ത്യൻ ഭരണഘടനയനുസരിച്ച് വോട്ടവകാശം എന്നത് ഒരു 'നിയമപരമായ അവകാശം' മാത്രമാണ്. എന്നാൽ, രാജ്യം നേരിടുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിനെ പൗരന്റെ അടിസ്ഥാന മൗലികാവകാശങ്ങളുടെ പട്ടികയിലേക്ക് മാറ്റേണ്ടതുണ്ടെന്നാണ് കോൺഗ്രസിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.