വാരാണസി: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച പോസ്റ്റർ വിവാദമാകുന്നു. വെള്ളിയാഴ്ച വാരണാസിയിൽ ഗംഗാനദിയുടെ തീരത്തായിരുന്നു യൂത്ത് കോൺഗ്രസിന്റെ വിവാദമായ ആഘോഷം. ഒരു കയ്യിൽ മഴുവും മറുകയ്യിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പും ഏന്തിയ പരശുരാമന്റെ രൂപത്തിലാണ് പോസ്റ്ററിൽ രാഹുൽ ഗാന്ധിയെ ചിത്രീകരിച്ചിരുന്നത്. പ്രവർത്തകർ ഈ പോസ്റ്ററിൽ പാൽ അഭിഷേകം നടത്തുകയും വേദിക് മന്ത്രോച്ചാരണങ്ങളോടെ രുദ്രാഭിഷേകം നിർവഹിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത് ഹിന്ദുക്കളോടുള്ള കടുത്ത അവഹേളനമാണെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് നേതാക്കൾക്ക് വിവേകം നഷ്ടപ്പെട്ടെന്നും സനാതന ധർമത്തെ എതിർക്കുന്നവർക്ക് എങ്ങനെയാണ് രാഹുൽ ഗാന്ധിയെ ഭഗവാൻ പരശുരാമനുമായി താരതമ്യം ചെയ്യാൻ സാധിക്കുകയെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ചോദിച്ചു. രാഷ്ട്രീയ പരാജയങ്ങളും അസ്ഥിരതയും മാത്രമുള്ള ഒരു രാഷ്ട്രീയക്കാരനെ ത്യാഗത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമായ പരശുരാമനായി ചിത്രീകരിച്ചത് കോടിക്കണക്കിന് ഹിന്ദുക്കളെ അപമാനിക്കലാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും കുറ്റപ്പെടുത്തി.
അതേസമയം, ബി.ജെ.പിയുടെ വിമർശനങ്ങളെ തള്ളി കോൺഗ്രസ് രംഗത്തെത്തി. ഇത് നേതാവിനോടുള്ള പ്രവർത്തകരുടെ വൈകാരികമായ അടുപ്പത്തിന്റെ പ്രകടനമാണെന്ന് വാരണാസി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. പരശുരാമൻ അന്ന് ഭൂമിയിലെ തിന്മകളെ തുടച്ചുനീക്കിയതുപോലെ രാഹുൽ ഗാന്ധി ഇന്ന് തിന്മയുടെ ശക്തികൾക്കെതിരെ പോരാടുകയാണെന്ന് അദ്ദേഹം ന്യായീകരിച്ചു. വാരണാസിയിൽ ഈ ചടങ്ങ് സംഘടിപ്പിച്ചവർ പരശുരാമന്റെ വംശപരമ്പരയിൽപ്പെട്ട ബ്രാഹ്മണരാണെന്നും അവർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ് വക്താവ് അലോക് ശർമയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.