ന്യൂഡൽഹി: ഉപഭോക്താവ് വാങ്ങുന്ന ഉൽപ്പന്നങ്ങൾ കൊണ്ടുപോകാനുള്ള ഷോപ്പിങ് കവറിന് അധിക പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഉപഭോക്തൃ കോടതി. കവറിന് 10 രൂപ വാങ്ങിയ പ്രമുഖ ഫൂട്ട്‌വെയർ ബ്രാൻഡായ റെഡ് ടേപ്പിന് ഹരിയാനയിലെ റോത്തക് ഉപഭോക്തൃ കോടതി 8,000 രൂപ പിഴ ചുമത്തി. കമ്പനിയുടെ നടപടി അന്യായമായ വ്യാപാരരീതിയും സേവനത്തിലെ വീഴ്ചയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2023 ഏപ്രിലിൽ റോത്തക്കിലെ റെഡ് ടേപ്പ് ഷോറൂമിൽ നിന്ന് 2,069 രൂപയുടെ ഷൂ വാങ്ങിയ വ്യക്തിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഷൂ നൽകിയ പേപ്പർ ബാഗിന് ജീവനക്കാർ 10 രൂപ അധികമായി ഈടാക്കുകയായിരുന്നു. ഇത് കമ്പനി നയമാണെന്ന ജീവനക്കാരുടെ വിശദീകരണത്തിൽ തൃപ്തനാകാതെയാണ് ഉപഭോക്താവ് നിയമപോരാട്ടത്തിന് ഇറങ്ങിയത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് കവറിന് പണം വാങ്ങിയതെന്നും, ഇതിൽ ബ്രാൻഡിന്റെ ലോഗോ ഇല്ലെന്നുമുള്ള കമ്പനിയുടെ വാദങ്ങൾ കോടതി തള്ളി. വാങ്ങിയ സാധനങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാൻ സൗകര്യമൊരുക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. കവറിനായി വാങ്ങിയ 10 രൂപ തിരികെ നൽകാനും, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 4,000 രൂപയും കോടതിച്ചെലവിലേക്ക് 4,000 രൂപയും ഉൾപ്പെടെ ആകെ 8,010 രൂപ പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ഓരോ ആഴ്ചയും 50 രൂപ വീതം അധിക പിഴ ഈടാക്കുമെന്നും വിധിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.